തൊടുപുഴ: നക്ഷത്ര ആമകളെ കൈവശംവച്ച കേസിൽ ഭർത്താവിനു പിന്നാലെ ഭാര്യയും പോലീസ് പിടിയിൽ. മണക്കാട് അരിക്കുഴ ഫാം ഹൗസിനു സമീപം മുണ്ടയ്ക്കൽ അനൂപിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കിടപ്പുമുറിയോടുചേർന്നുള്ള ശുചിമുറിയിലെ ക്ലോസറ്റിൽ നിന്നും നാല് നക്ഷത്ര ആമകളെ പോലീസ് പിടികൂടിയത്.
പോലീസ് വീടുവളയുന്നതു കണ്ട വീട്ടമ്മ ആമകളെ ക്ലോസറ്റിൽനിക്ഷേപിച്ചശേഷം ഫ്ളഷ് ചെയ്യുകയായിരുന്നു. തുടർന്ന് ഇവയെ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണു വൈപ്പിൻ ഞാറക്കലിൽ നിന്നും 42 നക്ഷത്ര ആമകളുമായി അജിതയുടെ ഭർത്താവ് അനൂപിനെയും സഹോദരൻ അരുണിനെയുംപോലീസ് അറസ്റ്റു ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. പ്രതിയുടെ വീട്ടിൽ നിന്നും 4.37 ലക്ഷം രൂപയും ഒരു കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.