തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ സംരംഭകത്വം വളർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പെന്ന നിലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് അധ്യാപകർക്ക് രണ്ടു വർഷത്തെ ശമ്പളത്തോടെയുള്ള അവധി നൽകാൻ സർക്കാർ ഉത്തരവിട്ടു.
കേരള സ്റ്റാർട്ടപ് മിഷൻ നല്കിയ ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് ഉൾപ്പെടുന്ന അഞ്ചംഗ വിദഗ്ധ സമിതിയാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഇക്കൊല്ലം പത്ത് അധ്യാപകരെ തെരഞ്ഞെടുക്കും. സംസ്ഥാന സാങ്കേതിക സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, എഐസിടിഇ എന്നിവയുടെ പ്രതിനിധികൾ, ഐടി വ്യവസായമേഖലയുടെ പ്രതിനിധിയെന്ന നിലയിൽ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ കൊച്ചി കേന്ദ്രത്തിലെ ചീഫ് ടെക്നിക്കൽ ഓഫീസർ ദിനേഷ് തമ്പി എന്നിവരാണു മറ്റംഗങ്ങൾ.
ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി ഒരു സംസ്ഥാനം നടപ്പാക്കുന്നതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. അധ്യാപകരുടെ പങ്കാളിത്തത്തിലൂടെ അനുഭവജ്ഞാനവും ഉത്തരവാദിത്തവും സ്റ്റാർട്ടപ്പുകളിൽ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുമായി ചേർന്നോ സ്വന്തം നിലയിലോ അധ്യാപകർക്കു സ്റ്റാർട്ടപ്പുകൾ തുടങ്ങാം. സ്ഥിരം അധ്യാപകർക്കായിരിക്കും അവധിക്ക് അർഹതയുള്ളത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നിയമങ്ങൾക്കു വിധേയമായിട്ടായിരിക്കും അവധി. ശമ്പളമില്ലാതെയാണ് അവധിയെടുക്കുന്നതെങ്കിൽ 50,000 രൂപ അല്ലെങ്കിൽ വാങ്ങുന്ന ശമ്പളം എതാണോ കുറഞ്ഞത് അതു സർക്കാർ നല്കും.
സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിർദേശം സ്റ്റാർട്ടപ് മിഷൻ മുന്നോട്ടുവച്ചതെന്ന് സിഇഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു. സ്റ്റാർട്ടപ്പുകളെ സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്ന് ഇതിലൂടെ കോളജ് അധികൃതരും രക്ഷാകർത്താക്കളുമടങ്ങുന്ന സമൂഹത്തിനു വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
അവധി കഴിഞ്ഞ് തിരികെ എത്തുമ്പോൾ ജോലിയിൽ പ്രവേശിപ്പിക്കും എന്ന ഉറപ്പ് അധ്യാപകർ ജോലി ചെയ്യുന്ന സ്ഥാപനം സർക്കാരിനു നല്കണം. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നല്കുന്ന ഗവേഷണവികസന ഗ്രാന്റ്, ഉത്പന്നനിർമാണപരിവർത്തന ഗ്രാന്റ്, സീഡ് ഫണ്ട്, രാജ്യാന്തര വിനിമയ പരിപാടികൾ, ബിസിനസ് സന്ദർശനങ്ങൾ, പരിശീലനം, മെന്ററിങ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങൾക്കും അധ്യാപകരുടെ സ്റ്റാർട്ടപ്പുകൾക്ക് അർഹതയുണ്ടായിരിക്കും.
ആശയങ്ങൾക്കുള്ള സാധ്യത വ്യക്തമാക്കുന്ന പ്രോജക്ട് റിപ്പോർട്ട് അല്ലെങ്കിൽ ഉത്പന്നത്തിന്റെ ആദ്യ പ്രവർത്തന മാതൃക എന്നിവ പരിശോധിച്ചായിരിക്കും അർഹത നിശ്ചയിക്കുക. നിശ്ചിത രൂപത്തിലുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്.