ന്യൂഡൽഹി: സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നല്കി കേന്ദ്രം. സ്റ്റാർട്ടപ് പദവി ഏഴു വർഷം എന്നത് പത്തു വർഷമാക്കി. വാർഷിക ടേണോവർ 100 കോടി രൂപ കടക്കുംവരെ സ്റ്റാർട്ടപ് നിർവചനത്തിൽ തുടരാം.
ഇപ്പോൾ 25 കോടിയാണ് പരിധി. സ്റ്റാർട്ടപ്പുകളിലെ പ്രാരംഭ മൂലധനനിക്ഷേപകർക്ക് (ഏയ്ഞ്ചൽ ഇൻവെസ്റ്റർ) നികുതിയിളവിനുള്ള പരിധിയും കൂട്ടി. ഇപ്പോൾ മൊത്തം മൂലധന നിക്ഷേപം പത്തു കോടി കവിഞ്ഞാൽ ഏഞ്ജൽ ഇൻവെസ്റ്റർക്കുള്ള നികുതി സൗജന്യം ഇല്ലാതാകും. ഇനി ഏയ്ഞ്ചൽ ഇൻവെസ്റ്ററുടേതടക്കം 25 കോടി വരെ മൂലധന നിക്ഷേപമുണ്ടെങ്കിലും നികുതിയിളവ് കിട്ടും.
സ്റ്റാർട്ടപ്പുകളെ സഹായിക്കാനുള്ള ഈ ഭേദഗതികൾ ആദായനികുതി നിയമത്തിലെ 56(2) (7ബി) യിൽ വരുത്തി വിജ്ഞാപനം താമസിയാതെ പുറത്തിറക്കും.നൂറുകോടി രൂപയുടെ അറ്റമൂല്യമോ 250 കോടിയുടെ വിറ്റുവരവോ ഉള്ള ലിസ്റ്റ് ചെയ്യപ്പെട്ട കന്പനികൾ സ്റ്റാർട്ടപ്പിൽ നിക്ഷേപിച്ചാലും നികുതിയിളവ് ലഭിക്കും.
പ്രവാസി ഇന്ത്യക്കാരും ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളും സ്റ്റാർട്ടപ്പിൽ നടത്തുന്ന നിക്ഷേപത്തിനുള്ള നികുതിയൊഴിവി നു മൊത്തം മൂലധനം 25 കോടി എന്ന പരിധി ബാധകമല്ല.
പല സ്റ്റാർട്ടപ്പുകളിലെയും പ്രാരംഭ നിക്ഷേപകർക്ക് ആദായനികുതിവകുപ്പ് നോട്ടീസ് അയച്ചതിനെത്തുടർന്നു കന്പനികൾ പരാതിപ്പെട്ടു. തുടർന്നു കേന്ദ്രം വിഷയം പഠിച്ചാണ് ഇപ്പോഴത്തെ മാറ്റങ്ങൾക്കു തീരുമാനിച്ചത്.