തൃശൂർ: ഫിൻടെക്, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് വിപുലീകരണത്തിനു കേരളവും ബഹറിനും കൈകോർക്കും. വിവര സാങ്കേതികവിദ്യാ മേഖലകളിൽ ബഹറിൻ സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹറിൻ സാന്പത്തിക വികസന ബോർഡും കേരള സ്റ്റാർട്ടപ്പ് മിഷനും തമ്മിലാണ് ഇതുസംബന്ധിച്ച് ധാരണാപത്രം കൈമാറിയത്. ദുബായിയിൽ നടക്കുന്ന മുപ്പത്തൊൻപതാമത് വാർഷിക ജൈടെക്സ് സാങ്കേതികവിദ്യാ വാരത്തിലാണ് കരാർ ഒപ്പുവച്ചത്.
ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തേയും സ്റ്റാർട്ടപ്പുകൾക്ക് മറു രാജ്യത്തും ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ അവസരം ലഭിക്കും. സ്റ്റാർട്ടപ്പ് പ്രതിനിധി സംഘങ്ങൾക്ക് ഇരുരാജ്യങ്ങളിലും ബിസിനസ് സന്ദർശനങ്ങൾ നടത്താം. ഇതിനു പുറമേ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിലുള്ള വിജ്ഞാന വിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കും.
ഫിൻടെക് സ്റ്റാർട്ടപ്പുകൾ, ഐടി സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധം സ്ഥാപിക്കാനുള്ള മികച്ച അന്തരീക്ഷമാണ് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
ഡിജിറ്റൽ, മൊബൈൽ ഇടപാടുകൾ, ബ്ലോക്ചെയിൻ- ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറുകൾ, ബിഗ് ഡേറ്റ, ഫ്ളെക്സിബിൾ പ്ലാറ്റ്ഫോമുകൾ, ഫിൻടെക്- ഐസിടി മേഖലയിലെ വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യകൾ എന്നിവ പ്രയോഗത്തിൽ വരുത്താനും നടപടി സഹായകരമാകും.