പ്രതിരോധ മേഖലയിലേക്ക് സ്റ്റാർട്ടപ് സംരംഭങ്ങൾക്കുള്ള വഴി തുറന്ന് ഇന്നൊവേഷൻ ഫോർ ഡിഫൻസ് എക്സലൻസിന് (ഐഡെക്സ് ) ഒൗദ്യോഗിക തുടക്കം. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ഡിഫൻസ് എക്സ്പോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാർട്ടപ് സംരംഭങ്ങളെ പ്രതിരോധമേഖലയിലേക്ക് ക്ഷണിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
തമിഴ്നാട്ടിലും ഉത്തർപ്രദേശിലും പ്രതിരോധ വ്യവസായ സംബന്ധിയായ ഇടനാഴികൾ ആരംഭിക്കും. എന്നാൽ, ഇത് പൂർത്തിയാകുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്നും 1,500 കോടി ഡോളർ മുടക്കി അമേരിക്കൻ കന്പനിയായ ലോക്ക്ഹീഡ് മാർട്ടിനിൽനിന്നു 110 പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കാനും കയറ്റുമതി ചെയ്യാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2014ൽ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി അനുമതി 118 ആയിരുന്നുവെങ്കിൽ ഇന്നത് 794 ആണ്. ഇതിലൂടെ 8,400 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. ഇടപാട് 1,70,000 കോടി രൂപയായി വർധിപ്പിക്കുകയാണ് ഡിഫൻസ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ അരമണിക്കൂർ പ്രസംഗത്തിൽ ഇന്ത്യൻ സേന ഏതു വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള ദീർഘനാളായുള്ള പരാതി പരിഹരിച്ചു.
ഇന്ത്യ ആരുടെയും അതിർത്തികൾ കൈയേറിയിട്ടില്ലെന്നും അശോക ചക്രവർത്തി മനുഷത്വത്തിനു വില കൽപ്പിച്ചിരുന്ന ആളായിരുന്നെന്നും ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എക്സ്പോയോട് അനുബന്ധിച്ചുള്ള മേക്ക് ഇൻ ഇന്ത്യ പവലിയന്റെ ഉദ്ഘാടനത്തിനു ശേഷം കര-നാവിക-വ്യോമ സേനകൾ നടത്തിയ കരയുദ്ധവും കണ്ടശേഷമാണ് മോദി മടങ്ങിയത്. രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യമന്ത്രി ഇ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
തമിഴ്നാട്ടിൽ കാവേരി പ്രക്ഷോഭം രൂക്ഷമായിരിക്കെ കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം തമിഴ്നാട് സർക്കാർ ഒരുക്കിയിരിക്കുന്നത്. മോദിയുടെ വരവിനെത്തുടർന്ന് എക്സ്പോ നഗറിനു സമീപത്തുള്ള ഈസ്റ്റ് കോസ്റ്റ് ഹൈവേയിലെ ഗതാഗതം ഒരു മണിക്കുറോളം തടഞ്ഞിരുന്നു. ബുധനാഴ്ച തുടങ്ങിയ ഡിഫൻസ് എക്സ്പോ-2018 നാളെ സമാപിക്കും. നാളെ മാത്രമേ പൊതുജനങ്ങൾക്ക് എക്സ്പോ കാണാൻ അനുമതിയുള്ളൂ.
മഹാബലിപുരത്തുനിന്ന് സോനു തോമസ്