ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില് നിന്നു പുറത്തു വരുന്ന ചിത്രങ്ങള് കണ്ടു കഴിയുമ്പോള് പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്. കൂടിനുള്ളില് ഒന്നു എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്. സുഡാന്റെ തലസ്ഥാനമായ ഖര്തൗമിലെ അല് ഖുറേഷി പാര്ക്കില് നിന്നാണ് ഈ ദുരന്തകാഴ്ച.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള് മൃഗങ്ങള്ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്ച്ചയാവുകയാണ്.
നിരവധി ആഫ്രിക്കന് സിംഹങ്ങളുണ്ടായിരുന്ന പാര്ക്കില് ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര് അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്ക്ക് ഭക്ഷണം വാങ്ങി നല്കാറുണ്ടായിരുന്നു.
എന്നാല് അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന് പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന് സിംഹങ്ങള്ക്ക് പ്രത്യേക സുരക്ഷ നല്കേണ്ട സ്ഥലത്താണ് ഹൃദയം തകര്ക്കുന്ന ചിത്രങ്ങള് പുറത്തുവരുന്നത്. ലോകമെമ്പാടുമുള്ള പരിസ്ഥിതി സംഘടനകളും പ്രകൃതി സ്നേഹികളും സിംഹങ്ങളെ രക്ഷിക്കാനുള്ള വഴികള് തേടുകയാണ്.