ഒട്ടാവ: ലോകത്ത് ഇന്ന് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ് കാലാവസ്ഥാ വ്യതിയാനം. ആഗോളതാപനത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകള്‍ പലപ്പോഴും വിലങ്ങു തടിയാവുന്നു.അതേസമയം കാലാവസ്ഥാ വ്യതിയാനം വലിയ ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനകള്‍ പ്രകൃതി നല്കിത്തുടങ്ങിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായ ഒരു ധ്രുവക്കരടിയുടെ വീഡിയോ, കാത്തിരിക്കുന്ന വലിയ വിപത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു സൂചകമാണ്. രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ധ്രുവക്കരടിയാണ് നാഷണല്‍ ജ്യോഗ്രഫിക് പുറത്തു വിട്ട വീഡിയോയിലുള്ളത്. മരണാസന്നനായ കരടി നടക്കാന്‍ പോലുമാവാതെ ഇഴഞ്ഞു നീങ്ങുകയാണ്. ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി, ഒരു മാലിന്യ വീപ്പയില്‍ തലയിട്ട് വായില്‍ത്തടഞ്ഞ എന്തോ വസ്തു കടിച്ചുപറിക്കുന്നു. മാസങ്ങളായി ഭക്ഷണമൊന്നും കിട്ടാതെ കരടി ഒരു നായയെപ്പോലെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്ലിന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്ലിന് ഈ ദൃശ്യം ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്പോള്‍ തങ്ങളുടെ സംഘാംഗങ്ങളുടേയെല്ലാം കണ്ണുകള്‍ നിറഞ്ഞു പോയെന്ന് നിക്ലിന് വ്യക്തമാക്കുന്നു. വീഡിയോ ചിത്രീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം കരടി മരിക്കുകയും ചെയ്തു എന്നതാണ് ഏറ്റവും ദുഖകരം.