തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12.30നാണു പ്രഖ്യാപനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാധാരണ നടക്കാറുള്ള പുരസ്കാരപ്രഖ്യാപനം കോവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി നീണ്ടുപോയത്.
തിരുവനന്തപുരം കിൻഫ്ര പാർക്കിലെ ചലച്ചിത്ര അക്കാദമിയിലാണ് ചിത്രങ്ങളുടെ സ്ക്രീനിംഗ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്.
വിധികർത്താക്കൾ രണ്ടു സംഘങ്ങളായി തിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷമാണ് ചെന്നൈയിൽനിന്നെത്തിയ ജൂറി ചെയർമാൻ മധു അന്പാട്ടും അംഗമായ എഡിറ്റർ എൽ. ഭൂമിനാഥനും സ്ക്രീനിംഗിനായി എത്തിയത്.
റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്ര അവാർഡിനു മത്സരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, കുന്പളങ്ങി നൈറ്റ്സ്, വൈറസ്, പ്രതി പൂവൻകോഴി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അന്പിളി, ഉണ്ട, പതിനെട്ടാം പടി, ഡ്രൈവിംഗ് ലൈസൻസ്, പൊറിഞ്ചു മറിയം ജോസ്, ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങി 119 ചിത്രങ്ങളാണു മത്സരിച്ചത്.
മോഹൻലാൽ, മമ്മൂട്ടി, സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്.
മഞ്ജു വാരിയർ, പാർവതി, രജിഷ വിജയൻ, അന്ന ബെൻ എന്നിവരാണു നടിമാരുടെ പട്ടികയിൽ. മികച്ച നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്കു വെല്ലുവിളിയാകും. ലൂസിഫറിലൂടെ പൃഥ്വിരാജും ഈ പുരസ്കാരത്തിനു മൽസരിക്കുന്നു.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അന്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ. ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്.