പത്തനംതിട്ട: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാര മികവിൽ വീണ്ടും c. പന്ത് എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമാണ് അബനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. അബനിയുടെ അച്ഛനും സംവിധായകനുമായ ആദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ മികച്ച താരത്തിനുള്ള സംസ്ഥാന പുരസ്കാരം നേരത്തെയും അബനി നേടിയിരുന്നു.
പന്തുകളിയെ ഇഷ്ടപ്പെടുന്ന ആമിന സ്വപ്നം കണ്ടിരുന്നത് സ്വന്തമായൊരു പന്താണ്. പന്ത് വാങ്ങാനുള്ള ആമിനയുടെ രസകരമായ ശ്രമവും ഇതിനിടയിലുണ്ടാകുന്ന ശ്രമങ്ങളും ഏറെ ഹൃദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാല്യത്തിന്റെ നിഷ്കളങ്കതയും കുസൃതിയും ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ച അബനിയുടെ കഥാപാത്രം തിയറ്ററുകളിൽ കൈയടി നേടിയിരുന്നു.
മലപ്പുറത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അബനിയെ കൂടാതെ ജില്ലയിൽ നിന്നുള്ള ഒരുപിടി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നന്നുവക്കാട് വിഷുവിൽ ബുക്ക്മാർക്ക് ഡയറക്ടർ കൂടിയായ എ. ഗോകുലേന്ദ്രന്റെയും പത്തനംതിട്ട മുൻ നഗരസഭാ അധ്യക്ഷ അമൃതം ഗോകുലന്റെയും കൊച്ചുമകളായഅബനി ആദി തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമാണ്. അബനിയുടെ മാതാവ് അരുണ മാധ്യമപ്രവർത്തകയുമാണ്.
പറക്കോട് കരുവേലിൽ ബാലകൃഷ്ണൻ ഉണ്ണിത്താന്റെയും രാജമ്മയുടെയും മകനായ ആദി പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ചേരുവകളോടെയാണ് പന്ത് എന്ന ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ രചനയും ആദിയുടേതാണ്.
എടപ്പാൾ, ചങ്ങരംകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. അജു വർഗീസ്, വിനീത്, നെടുമുടി വേണു, ഇന്ദ്രൻസ്, ഇർഷാദ്, സുധീർ കരമന, സുധീഷ്, ശ്രീകുമാർ, രമാദേവി, തുഷാര,സ്നേഹ ശ്രീകുമാർ ,നിലന്പൂർ ആയിഷ, ബീഗം റാബിയ, മരിയ പ്രിൻസ്, അഞ്ജലി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.