തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ചലച്ചിത്ര സംവിധായകൻ വിനയൻ വ്യക്തമാക്കി.
രഞ്ജിത്തിനെ മാറ്റിയില്ലെങ്കിൽ തെളിവ് സഹിതം കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം വിനയൻ പുറത്ത് വിട്ടിരുന്നു.
വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിനെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടുവെന്നാണ് വിനയന്റെ ആരോപണം.
പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമം നടത്തിയെന്നും വിനയൻ പറയുന്നു.
പത്തൊന്പതാം നൂറ്റാണ്ടിന് മൂന്ന് അവാർഡ് ലഭിച്ചെങ്കിലും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടുവെന്ന് വിനയൻ ആരോപിക്കുന്നു.
അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും സർക്കാർ രഞ്ജിത്തിനെ മാറ്റിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് വിനയന്റെ തീരുമാനം.
വിനയന്റെ ആരോപണത്തോടെ ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിഷയം ചലച്ചിത്ര മേഖലയിൽ വിവാദമായിരിക്കുകയാണ്. അതേസമയം രഞ്ജിത്തോ സർക്കാരോ വിവാദത്തോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല.