ഇനി സ്റ്റേറ്റ് കാര്‍ ഇല്ലാതാകുന്നതിനു കാരണമെന്ത് ?സര്‍ക്കാര്‍ മുദ്രയും രജിസ്‌ട്രേഷന്‍ നമ്പറും മാത്രമാക്കാനുള്ള തീരുമാനത്തിനു പിന്നില്‍ മന്ത്രിസഭയിലെ രണ്ടാമനാരെന്ന തര്‍ക്കം ഇല്ലാതാക്കാനെന്നു സൂചന

state carമന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ യാത്ര ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ തീരുമാനം. നമ്പര്‍പ്ലേറ്റ് മറച്ചുവച്ച് പ്രത്യേക നമ്പര്‍ അനുവദിക്കുന്ന രീതി കാലങ്ങളുടെ പഴക്കമുള്ളതാണ്. ഈ രീതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. നമ്പര്‍പ്ലേറ്റിന്റെ പുതിയ മാതൃക തയാറാക്കാന്‍ ഗതാഗതസെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ചീഫ് സെക്രട്ടറിക്കു കുറിപ്പ് നല്കിയിട്ടുണ്ട്.

അതേസമയം, മന്ത്രിവാഹനങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ നമ്പറുകള്‍ അപ്രത്യക്ഷമാകുന്നതിനു കാരണം മന്ത്രിസഭയിലെ രണ്ടാമനാരെന്ന തര്‍ക്കം ഒഴിവാക്കാനാണെന്നാണ് സൂചന. ഇ.പി. ജയരാജനും തോമസ് ഐസക്കും തമ്മില്‍ ഇക്കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സാധാരണ മന്ത്രിമാരുടെ പ്രധാന്യമനുസരിച്ചാണ് കാര്‍ നമ്പറുകള്‍ നല്കുക. നമ്പര്‍ രീതി തന്നെ ഇല്ലാതാകുന്നതോടെ രണ്ടാമനാരെന്ന സംശയം തന്നെ ഇല്ലാതാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചാരിക്കുന്ന വാഹനത്തിനും പ്രത്യേക നമ്പറില്ല. കാറില്‍ രജിസ്‌ട്രേഷന്‍ നമ്പറും ദേശീയ പതാകയും മാത്രമാണുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വാഹനവും ഇതേ രീതിയിലാണ്. തമിഴ്‌നാട് മാതൃകയാകും കേരളവും പിന്തുടരുകയെന്നാണ് സൂചന.

Related posts