തൃശൂർ: മലയാളത്തിലെ പരാതിക്ക് ഇംഗ്ലീഷിൽ ഉത്തരവ് നൽകുന്നുവെന്ന ആരോപണത്തിൽ കേരള പോലീസ് കംപ്ലയിന്റ് അഥോറിട്ടിയോട് സർക്കാർ വിശദീകരണം തേടി. നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷ് ഒൗദ്യോഗിക ഭാഷാവകുപ്പിന് നൽകിയ പരാതിയിലാണ് നടപടി.
സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവരെ എതിർകക്ഷികളാക്കി സതീഷ് നൽകിയ പരാതിക്കാണ് പോലീസ് കംപ്ലയിന്റ് അഥോറിട്ടിയിൽ നിന്ന് ഇംഗ്ലീഷിൽ വിധി പകർപ്പ് ലഭിച്ചത്. ഉള്ളടക്കം മനസിലാക്കാൻ പ്രയാസമുള്ളതുകൊണ്ട് മലയാളത്തിൽ ലഭ്യമാക്കണമെന്നവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും അഥോറിട്ടിയെ സമീപിച്ചു.
എന്നാൽ ഇതിനുള്ള മറുപടിയും ഇംഗ്ലീഷിലാണ് ലഭിച്ചത്. തുടർന്ന് ഒൗദ്യോഗിക ഭാഷാവകുപ്പിന് പരാതി നൽകുകയായിരുന്നു. ഇംഗ്ലീഷിൽ വിധി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും മലയാളത്തിൽ വിധിന്യായം പുറപ്പെടുവിക്കാൻ ഉള്ള തടസവും ചൂണ്ടിക്കാണിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് സർക്കാർ അഥോറിട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.