തിരുവനന്തപുരം: കൊടും മഴ തമ്പാനൂരിനെയും കിഴക്കേക്കോട്ടയെയും വെള്ളത്തിനടിയിലാക്കിയപ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരത്തിന്റെ പോരാട്ട വീരൻമാർ പേമാരിയെയും ട്രാക്കിലെ എതിരാളികളെയും ഒരേ പോലെ കടപുഴകി വീഴ്ത്തി. 61-ാം സംസ്ഥാന ജൂണിയർ മീറ്റിൽ പെരുമഴയിൽ ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം നടത്തിയാണ് ആതിഥേയരായ തിരുവനന്തപുരം ആദ്യദിനം കൊടുങ്കാറ്റ് വേഗത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്.
രാവിലെ തലസ്ഥാനത്ത് ചാറ്റൽ മഴ തുടങ്ങിയപ്പോൾ സംസ്ഥാന ജൂണിയർ മീറ്റിന് തുടക്കമായിരുന്നു. മഴ പത്തുമണിയോടെ ശക്തമായതോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങിയ താരങ്ങളുടെ വീര്യം കൂടുതൽ ശക്തമാകുന്നതാണ് ദൃശ്യമായത്.
ആദ്യദിനം തിരുവനന്തപുരത്തിനു സ്വന്തം
ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടു സ്വർണവും ആറ് വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 132 പോയിന്റോടെ ആതിഥേയരായ തിരുവനന്തപുരം ഒന്നാം സ്ഥാനത്താണ്.
പോരാട്ടവീര്യത്തിൽ എന്നും മുൻ പന്തിയിൽ നിന്നിട്ടുള്ള പാലക്കാട് ആറു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 123 പോയിന്റുമായി രണ്ടാമതുള്ളപ്പോൾ വർഷങ്ങളായി ജൂണിയർ മീറ്റിൽ ശക്തമായ ആധിപത്യം ഉണ്ടായിരുന്ന എറണാകുളം ആറു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 118 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
ഏഴു റിക്കാർഡ്
മഴയ്ക്കു റിക്കാർഡിനേയും തോല്പിക്കാൻ കഴിഞ്ഞില്ല. പെരുമഴയ്ക്കിടയിലും കായിക കേരളത്തിന്റെ പുത്തൻ പ്രതിഭകൾ ഇന്നലെ ഏഴു മീറ്റ് റിക്കാർഡുകൾക്ക് ഉടമകളായി. 16 വയസിൽ താഴെയുളള പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ തൃശൂരിന്റെ പി.എ അതുല്യ 36.51 മീറ്റർ ദൂരത്തക്ക് ഡിസ്ക് പായിച്ചപ്പോൾ 2013-ൽ പാലക്കാടിന്റെ ഇ. നിഷ സ്ഥാപിച്ച 32.65 മീറ്റർ എന്നത് പഴങ്കഥയായി.
16 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ 2000 മീറ്ററിൽ പാലക്കാടിനായി ഇറങ്ങിയ സി.ചാന്ദ്നി ആറു മിനിറ്റ് 52.03 സെക്കൻഡിൽ ഓടിയെത്തി തന്റെ പേര് റിക്കാർഡ് ബുക്കിൽ കുറിപ്പിച്ചു. 2015-ൽ ഇടുക്കിയുടെ സാന്ദ്ര എസ്. നായർ കുറിച്ച ആറു മിനിറ്റ് 55.09 സെക്കൻഡാണ് ചാന്ദ്നി തിരുത്തിയത്.
18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ തൃശൂരിന്റെ ആൻസി സോജൻ പുതിയ റിക്കാർഡിന് ഉടമയായി. 18 വർഷം മുന്‍പ് പത്തനംതിട്ടയ്ക്ക് വേണ്ടി മത്സരിച്ച നിഷാ ജോണ്‍ ചാടിയ 5.84 മീറ്റർ എന്ന ദൂരം മറികടന്ന് ആൻസി ഇന്നലെ കുറിച്ചത് 5.86 മീറ്റർ ദൂരം.
16ൽ താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററിൽ തിരുവനന്തപുരത്തിനായി മത്സരത്തിനിറങ്ങിയ സൽമാൻ ഫറൂക്ക് അഞ്ചു മിനിറ്റ് 52.85 സെൻക്കൻഡിൽ ഫിനിഷ് ചെയതപ്പോൾ കടപുഴകിയത് പാലക്കാടിന്റെ പി. ശ്രീരാഗ് 2015-ൽ സ്ഥാപിച്ച അഞ്ചുമിനിറ്റ് 56.89 സെക്കൻഡ് എന്ന സമയം.
18 വയസിൽ താഴെയുള്ളവരുടെ 1500 മീറ്ററിൽ അത്യന്തം വാശിയേറിയ മത്സരമാണ് പോലീസ് സ്റ്റേഡിയത്തിൽ ദൃശ്യമായത്. എറണാകുളത്തിന്റെ ആദർശ് ഗോപി മൂന്ന് മിനിറ്റ് 58.02 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ മറികടന്നപ്പോൾ പാലക്കാടിന്റെ പി. മുഹമ്മദ് അഫ്സൽ 2013-ൽ സ്ഥാപിച്ച നാലു മിനിറ്റ് 1.85 സെക്കൻഡ് എന്ന സമയം പഴങ്കഥയായി.
ഈയിനത്തിൽ വെള്ളി നേട്ടത്തിന് അർഹനായ പാലക്കാടിന്റെ എം.അജിത്തുംനിലവിലുള്ള റിക്കാർഡ് മറികടക്കുന്ന പ്രകടനം നടത്തി. നാല് മിനിറ്റ് 1.82 സെക്കൻഡിലാണ് അജിത്ത് വെള്ളി നേട്ടത്തിന് അർഹനായത്.
ഇതേ ഇനത്തിൽ 20 വയസിൽ താഴെയുള്ളആണ്കുട്ടികളുടെ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവർ നിലവിലുള്ള റിക്കാർഡ് മറികടക്കുന്ന പ്രകടനമാണ് നടത്തിയത്. തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശൻ മൂന്ന് മിനിറ്റ് 59.63 സെക്കൻഡിൽ റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടപ്പോൾ പഴങ്കഥയായത് തിരുവനന്തപുരത്തിന്റെ തന്നെ ട്വിങ്കിൾ ടോമി 2014-ൽ സ്ഥാപിച്ച നാലു മിനിറ്റ് 1.14 സെക്കൻഡ് എന്ന സമയം.
ഈയിനത്തിൽ വെള്ളി നേട്ടത്തിന് അർഹനായ തൃശൂരിന്റെ ബിബിൻ ജോർജും നിലവിലെ റിക്കാർഡ് മറികടന്ന പ്രകടനം നടത്തി. നാലു മിനിറ്റ് 0.73 സെക്കൻഡിലാണ് ബിബിൻ വെള്ളിനേട്ടത്തിന് അർഹനായത്.
18-ൽ താഴെയുള്ള ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ മിന്നും പ്രകടനം നടത്തിയാണ് എറണാകുളത്തിന്റെ അലക്സ് പി.തങ്കച്ചൻ റിക്കാർഡ് നേട്ടത്തിനർഹനായത്. 2010-ൽ എറണാകുളത്തിന്റെ തന്നെ മുഹമ്മദ് ഇജാസ് സ്ഥാപിച്ച 46.28 മീറ്റർ എന്ന ദൂരം 53. 8 മീറ്ററായി തിരുത്തിയാണ് അലക്സ് ഈ ഇനത്തിൽ റിക്കാർഡും സ്വർണവും സ്വന്തം കീശയിലാക്കിയത്.
ഇന്ന് 43 ഫൈനലുകൾ
രണ്ടാം ദിനമായ ഇന്ന് 43 ഇനങ്ങളുടെ ഫൈനൽ നടക്കും. മീറ്റിലെ ഗ്ലാമർ ഇനങ്ങളായ 4-100 മീറ്റർ റിലേ, 400 മീറ്റർ ഓട്ടം, 100 മീറ്റർ ഹർഡിൽസ് ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇന്നാണ് നടക്കുന്നത്. 20 വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 10000 മീറ്റർ നടത്ത മത്സരത്തോടെയാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുന്നത്.
തോമസ് വർഗീസ്