കൊല്ലം: പകൽച്ചൂടിൽ ഉരുകിയെത്തുന്ന കലാപ്രേമികൾക്കും മത്സരാർഥികൾക്കും ആശ്വാസം പകർന്ന് കലോത്സവ വേദികളിലെ തണ്ണീർ കൂജകൾ. എല്ലാ വേദികളിലും കുടിവെള്ളം പകർന്നു നൽകാൻ പ്ലാസ്റ്റിക് കുപ്പികൾക്കും ഗ്ലാസുകൾക്കും പകരം മണ്‍കൂജകളും മണ് ഗ്ലാസുകളും മാത്രമാണ് ഉപയോഗിക്കുന്നത്.
’തണ്ണീർ കൂജ’ എന്ന പദ്ധതിയുടെ ഭാഗമായാണ് മണ്‍പാത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 500 മണ്‍കൂജകളും 250 മണ് ജഗ്ഗുകളും 31 ഗ്ലാസുകളും കൊല്ലത്ത് എത്തിച്ചിട്ടുണ്ട്. പരിപാടിയിലേക്ക് ആവശ്യമായ മണ്‍പാത്രങ്ങൾ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലുള്ള 40 മണ്‍പാത്ര നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് എത്തിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് പുറമെ ആരോഗ്യ ബോധവത്കരണം കൂടി ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകർ പറയുന്നു.
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവേശത്തിലാണ് കൊല്ലം ജില്ലക്കാർ. നാടിനും നാട്ടർക്കും ഇത് ഉത്സവക്കാലമാണ്. നാലു മുതൽ എട്ടുവരെയാണ് കലോത്സവം നടക്കുന്നത്. ഇന്ന് കലോത്സവത്തിന്റെ രണ്ടാം ദിനമാണ്. മത്സരാർഥികൾക്ക് നഗരത്തിലെ 31 സ്കൂളുകളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സൗകര്യമാണുള്ളത്. ഇത് കൂടാതെ എട്ട് സ്കൂളുകൾ റിസർവായും കരുതിയിട്ടുണ്ട്. പെൺകുട്ടികൾ താമസിക്കുന്ന സ്ഥലത്ത് വനിതാ പോലീസിന്റെ സേവനവും ഉണ്ടാകും.