ആലപ്പുഴ: പ്രളയത്തിന്റെയും ദുരിതത്തിന്റെയും കഥകളെ പിന്നിലാക്കി കലോത്സവതാളം ഉണർന്നു, ഉയർന്നു. അതിജീവനത്തിന്റെ കഥ മാലോകർക്കു മുന്നിൽ വിളിച്ചോതി 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി.
രാവിലെ എട്ടരയ്ക്ക് ഗവണ്മെന്റ് മോഡൽ ഗേൾസ് എച്ച്എസ്എസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തി. 59-ാമത് കലോത്സവത്തിന്റെ ഓർമകളുണർത്തി 59 വിദ്യാർഥികൾ ചിരാതുകളും കൊളുത്തി.
സഹായ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി
ആലപ്പുഴ: കലോത്സവ പ്രതിഭകൾക്ക് സഹായങ്ങൾക്കായി സഹായകേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായി. ബസിലും ട്രെയിനിലും എത്തുന്ന മത്സരാർഥികളുടെ സംശയദുരീകരണത്തിന് ആലപ്പുഴ ബസ് സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശീയരായ അധ്യാപകരാണ് നിർദേശങ്ങൾ നൽകാനായി പ്രവർത്തിക്കുന്നത്.
സെന്റ് ആന്റണീസ് കാർമൽ എൽപി സ്കൂളിലാണ് പ്രധാന സഹായകേന്ദ്രം. കൂടാതെ വേദികൾ സജ്ജീകരിച്ച എല്ലാ സ്കൂളുകളിലും സഹായകേന്ദ്രം തുറന്നിട്ടുണ്ട്. കലോത്സവം സമാപിക്കുന്ന ഒന്പതിനു രാത്രിവരെ സഹായകേന്ദ്രങ്ങളുണ്ടാകും. കലോത്സവത്തിലെ ഗതാഗതത്തിന്റെ ചുമതലയുള്ള വി.വി.എം. ബഷീറിനാണ് സഹായകേന്ദ്രത്തിന്റെ ചുമതല.
വിവരങ്ങൾക്ക്: വി.വി.എം. ബഷീർ : 9544272537. സെന്റ് ആന്റണിസ് കർമൽ എൽപി സ്കൂൾ : 8156958553.