സിജി ഉലഹന്നാൻ
കണ്ണൂർ: വെല്ലുവിളികൾ ഏറെയായിരുന്നു. പരിമിതികളും ഒരുപാട്. എന്നാൽ, അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികമേള സംഘാടക മികവുകൊണ്ട് കൈയടി നേടി. മാങ്ങാട്ടുപറന്പ് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും ഫീൽഡും അത്യാധുനിക സംവിധാനങ്ങളും അത്ലറ്റുകളുടെയും കായികപരിശീലകരുടെയും ഫുൾമാർക്ക് നേടി. മീറ്റിൽ പിറന്ന 16 റിക്കാർഡുകളും ആ നിലവാരത്തിന്റെ തെളിവായി.
കൃത്യസമയത്ത് ഉണരുന്ന ട്രാക്കും ഫീൽഡും, പരാതികളില്ലാതെ മത്സരങ്ങൾ മുന്നോട്ടുനീക്കിയ ഒഫീഷലുകൾ, യഥാസമയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത ടെക്നിക്കൽ ടീം, എല്ലാവരെയും സംതൃപ്തരാക്കി മടക്കിയ ഭക്ഷണശാല. ട്രാക്കിനരികിൽ സദാജാഗരൂകരായ സന്നദ്ധസേനാംഗങ്ങൾ, വോളണ്ടിയർമാർ…ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അധ്യാപകരും കായികാസ്വാദകരും കൈകോർത്തപ്പോൾ കണ്ണൂർ കായികോത്സവം സംഘാടകവൈഭവത്തിന്റെ പുതിയ ചരിത്രമെഴുതി. ഹരിത പെരുമാറ്റചട്ടം പൂർണമായി പാലിക്കാൻ കഴിഞ്ഞുവെന്നതിലും അഭിമാനിക്കാം.
അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിച്ച് പരിചയമുള്ളവരായിരുന്നു ഒഫീഷലുകൾ.പാലായിലെ ഹാമർദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാക്രമീകരണങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകി. ഗാലറിയുടെ പരിമിതിയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. താത്കാലിക ഗാലറി ഒരുക്കി ഒരുപരിധിവരെ അതിനെ മറികടക്കാനായി. എന്നാൽ, അത്ലറ്റുകൾക്ക് വിശ്രമിക്കാനും മറ്റും സൗകര്യങ്ങൾ കുറവായിരുന്നുവെന്നത് യാഥാർഥ്യമാണ്.
16 വർഷങ്ങൾക്കുശേഷമാണ് കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായികമേള എത്തിയത്. സിന്തറ്റിക് ട്രാക്കില്ലാത്തതായിരുന്നു ഇതിനുകാരണം. ഇപ്പോൾ നമുക്കൊരു നല്ല ട്രാക്കായി. നീണ്ടുനിന്ന കനത്തമഴ ഒരുക്കങ്ങളെ ബാധിച്ചെങ്കിലും കിട്ടിയ സമയത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നീങ്ങി. ” കുട്ടികൾ മികച്ച പ്രകടനം നടത്തിയതിൽ അദ്ഭുതമില്ല. ഇതുപോലെ നിലവാരമുള്ള ട്രാക്ക് ഇപ്പോൾ കേരളത്തിലില്ല.
ഇത്രയും ശുദ്ധവായു ലഭിക്കുന്ന മറ്റൊരു ഗ്രൗണ്ട് എവിടെയാണുള്ളത്…’ പ്രശസ്ത കായികപരിശീലകൻ ടി.പി.ഔസേപ്പിന്റെ വാക്കുകൾ നമുക്ക് മറക്കാതിരിക്കാം.മൈതാനങ്ങൾ നശിപ്പിച്ച പാരന്പര്യമാണ് കണ്ണൂരിനുള്ളത്. രണ്ടു സംസ്ഥാന കായികമേളകൾ ഗംഭീരമായി നടത്തിയ ജവഹർ സ്റ്റേഡിയത്തിലെ അവസ്ഥ ഇപ്പോൾ എല്ലാവർക്കുമറിയാം. അതുകൊണ്ട് സ്റ്റേഡിയത്തിന്റെ കൃത്യമായ പരിപാലനം എല്ലാവരുടെ ഉത്തരവാദിത്വമാണെന്നും ഓർക്കുക.