താന്‍ സ്വപ്നയുടെ ഫ്ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍.
ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്ളാറ്റില്‍ കൊണ്ടു ചെന്നാക്കിയിട്ടുമുണ്ടെന്നും അന്വേഷണ സംഘത്തിനു മുമ്പാകെ സന്ദീപ് മൊഴി നല്കി.
ഈ അവസരങ്ങളിലൊക്കെ ഫ്ളാറ്റില്‍ സരിത്തുമുണ്ടായിരുന്നുവെന്നും കേസിലെ മൂന്നാം പ്രതിയായ സന്ദീപ് പറയുന്നു. സന്ദീപിനെ കണ്ടു പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കരുതുന്ന സന്ദീപുമായി അടുപ്പമുണ്ടെന്നു തെളിഞ്ഞാല്‍ ശിവശങ്കറിന്റെ വാദങ്ങളെല്ലാം പൊളിയും.
നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പൂര്‍ണ നിയന്ത്രണം സ്വപ്നയ്ക്കാണെന്നും അങ്ങനെ എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുക എന്നതു മാത്രമാണ് തന്റെ ജോലിയെന്നും സന്ദീപ് നായര്‍ പറയുന്നു.
ദുബായില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ കയറ്റുന്നത് എന്ന കാര്യം സ്വപ്നയ്ക്കു മാത്രമേ അറിയൂ എന്നും അവര്‍ തങ്ങള്‍ക്ക് മാഡം ആണെന്നും സന്ദീപ് മൊഴി നല്കി.
കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച ഗണ്മാന് ജയഘോഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു.
വിമാനത്താവളത്തിലെ കാര്‍ഗോയില്‍ വന്ന ബാഗേജുകള്‍ വാങ്ങി ഇയാള്‍ സ്വപ്നയെ ഏല്‍പ്പിച്ചിരുന്നതായാണ് വിവരം. സരിത്തിന്റെ അഭാവത്തിലാണ് സ്വപ്ന ഈ കൃത്യം ഗണ്‍മാനെ എല്‍പ്പിച്ചിരുന്നത്.
എന്നാല്‍ സ്വര്‍ണമാണ് കടത്തിക്കൊണ്ടിരുന്നത് എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാത്തില്‍ മുമ്പു ജോലി ചെയ്തതിനെത്തുടര്‍ന്നുണ്ടായ പരിചയങ്ങള്‍ പലപ്പോഴും ഈ സംഘത്തെ സഹായിക്കാന്‍ ഉപയോഗിച്ചെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.