കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കൊല്ലത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നാലു മുതൽ എട്ടുവരെയും കലോത്സവം നടക്കുന്നു. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. ആകെ 24 വേദികളാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാന വേദിയുടെയും പന്തലിന്റെയും നിർമാണം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു.
മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും കൊല്ലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.കൊല്ലം ജില്ലയിൽ ഇത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. 2008 -ലാണ് ഒടുവിൽ കൊല്ലം കലോത്സവത്തിന് വേദിയായത്. ഇക്കുറി 239 വിഭാഗങ്ങളിലായി 14,000-ൽ അധികം വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും.
മത്സരങ്ങളിൽ ഏ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1000 രൂപ നൽകും. കേരളത്തിലും പുറത്തു നിന്നുമുള്ള പ്രഗത്ഭ വ്യക്തികളയാണ് വിധി നിർണയത്തിന് കണ്ടെത്തിയിട്ടുള്ളത്.
വിധി നിർണയത്തിൽ തർക്കം ഉന്നയിച്ചാൽ അത്തരം ഇനങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന തല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നാലിന് രാവിലെ ഒമ്പതിന് ആശ്രാമം മൈതാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. തുടർന്ന് പ്രധാന വേദിയിൽ ദൃശ്യ വിസ്മയം അരങ്ങേറും. ഗോത്രകലയായ മങ്ങലം കളിയാണ് അരങ്ങറുക.
കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകല ഭാഗമാകുന്നത്. പത്തിന് നർത്തകി ആശാ ശരത്തും സ്കൂൾ വിദ്യാർഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അരങ്ങേറും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചു റാണി, കെ.ബി.ഗണേഷ് കുമാർ , പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, എൻ.കെ.പ്രേമചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ്, എം.മുകേഷ് എംഎൽഎ, ചലച്ചിത്ര താരം നിഖില വിമൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരം നടക്കും. ആദ്യ ദിവസം 23 വേദികളിലാണ് മത്സരങ്ങൾ.
എട്ടിന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവൻകുട്ടി സമ്മാനദാനം നിർവഹിക്കും. മന്ത്രി ജി. ആർ. അനിൽ സുവനീർ പ്രകാശനം ചെയ്യും. നടൻ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കലോത്സവത്തിന് എത്തുന്ന കുട്ടികളെയും പ്രമുഖ വ്യക്തികളെയും സ്വീകരിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരാർഥികൾക്ക് നഗരത്തിലെ 31 സ്കൂളുകളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സൗകര്യമാണുള്ളത്. ഇത് കൂടാതെ എട്ട് സ്കൂളുകൾ റിസർവായും കരുതിയിട്ടുണ്ട്. പെൺകുട്ടികൾ താമസിക്കുന്ന സ്ഥലത്ത് വനിതാ പോലീസിന്റെ സേവനവും ഉണ്ടാകും.
കുട്ടികളെ സ്വാഗതം ചെയ്തുള്ള ബാനറുകൾ എല്ലാ സെന്ററുകളിലും സ്ഥാപിച്ച് കഴിഞ്ഞു. ഇവിടെ മത്സര വേദികൾ, റൂട്ട് മാപ്പ് എന്നിവ സ്ഥാപിക്കും.ക്രേവൻ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തൽ. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് പാചകം. ഒരേ സമയം 2000 പേർക്ക് ഭക്ഷണം കഴിക്കാൻ സാധിക്കും വിധമാണ് പന്തൽ ക്രമീകരണം. മൂന്നിന് രാത്രി ഭക്ഷണത്തോടെ ഊട്ടുപുര പ്രവർത്തനം ആരംഭിക്കും. ഭക്ഷണം വിളമ്പാൻ നാല് ഷിഫ്റ്റുകളിലായി ആയിരത്തോളം അധ്യാപകർ, റ്റിറ്റിഐ – ബിഎഡ് വിദ്യാർഥികൾ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
എസ്.ആർ.സുധീർ കുമാർ