തൊടുപുഴ: കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിയന്ത്രണത്തിനായി ഇനി പെണ് ശബ്ദവും. കേരളത്തിലെ ആദ്യ വനിത സ്റ്റേഷൻ മാസ്റ്ററായി തൊടുപുഴ വഴിത്തല പാറ സ്വദേശിനി കെ.ആർ. രോഹിണി നാളെ പിറവം ഡിപ്പോയിൽ ചുമതലയേൽക്കും.കഴിഞ്ഞ 20 വർഷമായി കെ എസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് രോഹിണി. ഇതിനിടെ കോട്ടയം, തൊടുപുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റേഷൻ മാസ്റ്ററുടെ താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ട്. സീനിയോറിറ്റി പരിഗണിച്ചായിരുന്നു ഇത്തരത്തിൽ ചുമതല നൽകിയിരുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ പൂർണ ഉത്തരവാദിത്വവുമായാണു പിറവത്ത് നിയമിതയാകുന്നത്.
തൊടുപുഴയിൽ ഇന്നു പുലർച്ചെ വരെ സ്റ്റേഷൻ മാസ്റ്ററുടെ താൽക്കാലിക ചുമതല നിർവഹിച്ചതിനുശേഷം നാളെ സംസ്ഥാനത്തെ ആദ്യ വനിത സ്റ്റേഷൻ മാസ്റ്റർ എന്ന ഖ്യാതിയുമായി ഉത്തരവാദിത്വമേറ്റെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വാഹനത്തിന്റെ ഡ്രൈവറായ സുരേഷാണ് രോഹിണിയുടെ ഭർത്താവ്.