കൊച്ചി: ദക്ഷിണ റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്റര്‍മാരുടെ ഒഴിവ് നികത്താത്തതിനാല്‍ നിലവിലെ ജീവനക്കാര്‍ അമിത ജോലിഭാരത്താല്‍ വലയുന്നു. നിലവില്‍ സ്റ്റേഷന് മാസ്റ്റര്‍മാരുടെ 570 ഒഴിവുകളാണ് ദക്ഷിണ റെയില്വേയിലുളളത്.
2021 നവംബര്‍ ഒന്നുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം, മധുര, ചെന്നൈ, സേലം, പാലക്കാട് എന്നീ ഡിവിഷനുകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ അഞ്ചു ഡിവിഷനുകളിലായി 630 റെയില്‍വേ സ്റ്റേഷനുകളാണുള്ളത്.
ദക്ഷിണ റെയില്‍വേയില്‍ 3,191 സ്റ്റേഷന് മാസ്റ്റര്‍മാരുണ്ട്. ആകെ സ്റ്റേഷന് മാസ്റ്റര്‍മാരുടെ എണ്ണത്തില്‍ 18 ശതമാനം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. വിശ്രമമില്ലാതെയുള്ള സ്റ്റേഷന് മാസ്റ്റര്‍മാരുടെ ജോലി ഭാരം ട്രെയിന്‍ സുരക്ഷയെതന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെങ്കിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അധികസമയം ജോലി ചെയ്യേണ്ടി വരുന്നു. ജീവനക്കാര്‍ക്ക് വേണ്ടപ്പോള്‍ അവധി ലഭിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. യഥാസമയത്ത് ഇന്റര്‍ റെയില്‍വേ ട്രാന്‍സ്ഫറും ഇന്റര്‍ ഡിവിഷണല്‍ ട്രാന്‍സ്ഫറും നടക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
2019ല്‍ സ്റ്റേഷന് മാസ്റ്റര്‍മാരുടെ നിയമനത്തിനായി വിജ്ഞാപനം ഇറക്കിയെങ്കിലും പ്രധാന പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. ഇവരുടെ പ്രമോഷന് കാര്യത്തിലും വ്യക്തതയില്ല. അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ തസ്തികയിലേക്ക് അവസാനമായി നിയമനം നടന്നത് 2015 ലായിരുന്നു.
2020ല്‍ പ്രാഥമിക പരീക്ഷ നടത്തിയെങ്കിലും രണ്ടാംഘട്ട പരീക്ഷയും അഭിമുഖവും ഇതുവരെ നടന്നിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പരീക്ഷകളുടെ നടത്തിപ്പ് വൈകുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍മാർക്ക് സ്ഥാനക്കയറ്റം നൽകി നിലവിലുള്ളവരെ സ്റ്റേഷന് മാസ്റ്റര്മാരാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇനിയും പ്രശ്നപരിഹാരമായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് ഓൾ ഇന്ത്യ സ്റ്റേഷന് മാസ്റ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍.
സീമ മോഹന്‍ലാല്‍