ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള ഏകത പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സഞ്ചാരികളുടെ മനം കവരുന്നു. ഇന്ത്യയുടെ “ഉരുക്കു മനുഷ്യന്’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥമുള്ള ഈ പ്രതിമയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന ഖ്യാതിയുമുണ്ട്.
പിന്നിലാക്കിയത് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ
ഗുജറാത്ത് കെവാഡിയയിലെ സത്പുര, വിന്ധ്യാചല്‍ കുന്നുകളുടെ പശ്ചാത്തലത്തിലായാണ് സ്വതന്ത്ര ഇന്ത്യയുടെ ശില്പിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥമുള്ള ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ 143-ാം ജന്മദിനമായ 2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും വിദേശികളും സ്വദേശികളുമായി നിരവധിപ്പേരാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാനെത്തുന്നത്.
182 മീറ്റര്‍ (ഏകദേശം 600 അടി)ആണ് പ്രതിമയുടെ ഉയരം. 2013ല്‍ തറക്കല്ലിടുകയും 46 മാസം എന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു. ഭീമാകാരമായ പ്രതിമ കാറ്റിനെയും ഭൂകമ്പത്തെയും പ്രതിരോധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനെ ചെറുക്കാന്‍ ഇതിന് കഴിയും. 6.5 തീവൃതയുള്ള ഭൂകമ്പങ്ങളെയും പ്രതിരോധിക്കും.
അടിത്തറ ഉള്‍പ്പെടെയുള്ള ഘടനയുടെ ആകെ ഉയരം 240 മീറ്ററാണ്. ഇതിനായി 65,000 മെട്രിക് ടണ്‍ സിമന്റ് ഉപയോഗിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എൻജിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്. 250 എൻജിനീയര്‍മാരും 3,000 തൊഴിലാളികളും നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പ്രതിമയുടെ കാല്‍വിരലിന്റെ ഉയരം ഏകദേശം 3.6 മീറ്ററാണ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. സൂറത്തില്‍നിന്ന് 150 കിലോമീറ്ററും വഡോദരയില്‍നിന്ന് 100 കിലോമീറ്ററും അകലെയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.സാധു ബെറ്റ് കുന്നിലെ 300 മീറ്റര്‍ നീളമുള്ള പാലം കടന്നെത്തിയാല്‍ നര്‍മദ നദിക്ക് മുകളിലൂടെയുള്ള ഭീമാകാരമായ ഈ സ്മാരകത്തിലെത്താം. നര്‍മ്മദാ നദിയുടെ വിശാലമായ ചുറ്റുപാടുകളും നദീതടവും പരന്നുകിടക്കുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടും സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍നിന്ന് ദര്‍ശിക്കാനാകും. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്ഷിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വിസ്മയങ്ങളിലേക്ക് മിഴി തുറന്ന് …
സ്റ്റാച്യു ഓഫ് യൂണിറ്റി കാണാനെത്തുന്നവര്‍ക്ക് വിസ്മയക്കാഴ്ചയാണ് തുറന്നുവച്ചിരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യു ഓഫ് യൂണിറ്റി അഞ്ച് സവിശേഷ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു എൻജിനീയറിംഗ് വിസ്മയമാണ്. അവയില്‍ മൂന്നെണ്ണം മാത്രമേ സന്ദര്‍ശകര്‍ക്കായ് അനുവദിച്ചിട്ടുള്ളൂ. ആദ്യ സോണില്‍ പ്രദര്‍ശന കേന്ദ്രം, ഒരു മ്യൂസിയം, സ്മാരക ഉദ്യാനം എന്നിവയുണ്ട്. രണ്ടാമത്തെ സോണ്‍ പ്രതിമയുടെ തുട വരെ എത്തുന്നു. മൂന്നാമത്തെ സോണില്‍ നിരീക്ഷണ ഡെക്കാണ്. നാലാമത്തെയും അഞ്ചാമത്തെയും സോണുകളില്‍ പ്രവേശനമില്ല. അവ അറ്റകുറ്റപ്പണിക്കുളള സ്ഥലവും പ്രതിമയുടെ മുകള്‍ ഭാഗവുമാണ്.
4647 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പ്രദര്‍ശന ഹാള്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്ന വല്ലഭ് ഭായ് പട്ടേലിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. ഓഡിയോ വിഷ്വല്‍ ഗാലറി ആധുനിക ഇന്ത്യയുടെ വ്യത്യസ്ത ചരിത്ര സംഭവങ്ങള്‍, ആദിവാസി ജനതയുടെ സംസ്കാരം, സര്‍ദാര്‍ സരോവര്‍ അണക്കെട്ട് എന്നിവ പ്രദര്‍ശിപ്പിക്കുന്നു.
സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ സ്ഥാപിച്ചിരിക്കുന്ന ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അരങ്ങേറും. വര്‍ണാഭമായ ലേസര്‍ ലൈറ്റിംഗ് സംവിധാനത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ ചരിത്രത്തിന്റെയും ജീവിതത്തിന്റെയും മികച്ച വിവരണം, സ്വാതന്ത്ര്യ സമരത്തിനും ഇന്ത്യയെ രാഷ്ട്രമായി ഏകീകരിക്കുന്നതിനും അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നിവയാണ് അവതരിപ്പിക്കുന്നത്.
ഭീമാകാരമായ പ്രതിമയുടെ നിരവധി ഹൈലൈറ്റുകളില്‍ ഒന്നാണ് നിരീക്ഷണ ഡെക്ക്. 135 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതിലേക്ക് രണ്ട് അതിവേഗ എലിവേറ്ററുകള്‍ വഴി എത്തിച്ചേരാം. പാസഞ്ചര്‍ എലിവേറ്ററുകള്‍ക്ക് 30 സെക്കന്‍ഡിനുള്ളില്‍ 26 പേരെ വരെ വ്യൂവിംഗ് ഡെസ്കില്‍ എത്തിക്കാനാകും. വ്യൂവിംഗ് ഗാലറിയില്‍ ഒരേസമയം 200 പേര്‍ക്ക് ഇരിക്കാം. പച്ചപ്പ് നിറഞ്ഞ കുന്നുകളാല്‍ ചുറ്റപ്പെട്ട നര്‍മ്മദാ നദിയുടെയും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെയും വിശാലദൃശ്യം ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണിത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നല്കിയ പ്രശസ്ത രാഷ്ട്രീയ നേതാവായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ഗുജറാത്തിലെ നദിയാഡിലാണ് അദ്ദേഹം ജനിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ പട്ടേല്‍ ആ പ്രദേശത്തെ ഏറ്റവും പ്രശസ്തനായ ബാരിസ്റ്ററായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 49-ാമത് പ്രസിഡന്റായി. തലവന്‍ എന്നര്‍ഥം വരുന്ന സര്‍ദാര്‍ എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാന്‍ വല്ലഭ് ഭായ് പട്ടേല്‍ വളരെയധികം പരിശ്രമിച്ചു. പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളെ അദ്ദേഹം സേവിക്കുകയും നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് 1947 ല്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കുകയും ചെയ്തു. അദ്ദേഹം ഓള് ഇന്ത്യ സര്‍വീസ് സിസ്റ്റം സ്ഥാപിക്കുകയും ഇന്ത്യയിലെ സിവില്‍ സര്‍വീസിന് പിന്നിലെ പേരായി മാറുകയും ചെയ്തു.
പ്രവേശന ഫീസ്
മുതിര്‍ന്നവര്‍: ഒരാള്‍ക്ക് 120 രൂപ, കുട്ടികള്‍: ഒരാള്‍ക്ക് 60 രൂപ. പ്രവേശന ടിക്കറ്റില്‍ വാലി ഓഫ് ഫ്ളവേഴ്സ്, സ്റ്റാച്യു ഓഫ് യൂണിറ്റി, മെമ്മോറിയല്‍ ഗാര്ഡന്, മ്യൂസിയം, ഓഡിയോ വിഷ്വല്‍ ഗാലറി, സര്‍ദാര്‍ സരോവര്‍ ഡാം എന്നിവ ഉള്‍പ്പെടുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശന സമയം. തിങ്കളാഴ്ച പ്രവേശനമില്ല.
ഈ വഴി എത്തിച്ചേരാം
വിമാനമാര്‍ഗം: അഹമ്മദാബാദ് വഡോദരയും സൂറത്തുമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍. അവിടെനിന്ന് യാത്രയ്ക്ക് ബസുകളും ടാക്സികളും ലഭ്യമാണ്. റെയില്‍ മാര്‍ഗം: അഹമ്മദാബാദ്, വഡോദര, സൂറത്ത് എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. വിനോദസഞ്ചാരികളെ നേരിട്ട് സൈറ്റിലേക്ക് കൊണ്ടുപോകുന്ന പൊതു ഗതാഗതങ്ങളും കാബുകളും ലഭ്യമാണ്.
- സീമ മോഹന്‍ലാല്‍