3000 കോടി രൂപ മുടക്കി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ നര്‍മതാ തീരത്ത് പണിതതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നതേയുള്ളു. ഇപ്പോഴിതാ പട്ടേല്‍ പ്രതിമയുമായി ബന്ധപ്പെട്ട അടുത്ത വിവാദവും തലപൊക്കിയിരിക്കുന്നു. ഏകതാ പ്രതിമ കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സീപ്ലെയിന്‍ സര്‍വീസുകള്‍ തുടങ്ങാന്‍ മുതലകളെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നു എന്നതാണത്.
ഗുജറാത്ത് സര്‍ക്കാരാണ് വിവാദപരമായ ഈ നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുവരെ മുന്നൂറോളം മുതലകളെയാണ് പുതിയ സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുന്നത്.
മൂന്ന് മീറ്റര്‍ വരെ വലുപ്പമുള്ള മുതലകളെ കൂടുകളിലാക്കി പിക്അപ് ട്രക്കുകളില്‍ കയറ്റിയാണു സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടു പോകുന്നത്. ഐക്യപ്രതിമ കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥ അനുരാധ സാഹു വ്യക്തമാക്കി.
അതേസമയം, ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മാത്രമേ മുതലകളെ പ്രദേശത്തു നിന്നു മാറ്റാന്‍ പാടുള്ളൂവെന്നു സംസ്ഥാന വൈല്‍ഡ്ലൈഫ് ബോര്‍ഡ് അംഗം പ്രിയാവ്രത് ഗദ്വി അഭിപ്രായപ്പെട്ടു. എന്തൊക്കെയായാലും മുതലകളെ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി സ്ഥലം മാറ്റുന്നതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച 182 മീറ്റര്‍ ഉയരമുള്ള ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ പ്രധാനമന്ത്രി മോദി ഒക്ടോബര്‍ 31നാണ് അനാവരണം ചെയ്തത്. കര്‍ഷകരുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിമയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നിരുന്നത്. ലോക്‌സഭാ തെരഞ്ഞെുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിമയ്‌ക്കെതിരായ വികാരം വ്യക്തിമായി പ്രതിഫലിച്ചിരുന്നു.