സിജോ പൈനാടത്ത്
കൊച്ചി: സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ ഗുജറാത്തിലെ നർമദ നദിക്കരയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്കു (സ്റ്റാച്യൂ ഓഫ് യൂണിറ്റി) പൊതുമേഖല എണ്ണക്കന്പനികൾ നല്കിയ കോടികളുടെ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസിഎൽ) ചേർന്നു പട്ടേൽ പ്രതിമയ്ക്കായി ചെലവഴിച്ചത് 180 കോടി രൂപ.
ഏറ്റവും വലിയ പൊതുമേഖല എണ്ണക്കന്പനിയായ ഐഒസി മാത്രം പട്ടേൽ പ്രതിമ നിർമിക്കാൻ നല്കിയത് 90 കോടി രൂപയാണ്. പ്രതിമാ നിർമാണത്തിനു മേൽനോട്ടം വഹിച്ച സർദാർ വല്ലഭായ് പട്ടേൽ രാഷ്ട്രീയ ഏകതാ ട്രസ്റ്റിനാണു തുക കൈമാറിയതെന്നു വിവരാവകാശ നിയമപ്രകാരം ഐഒസി നല്കിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. 2016-17, 2017-18 സാന്പത്തിക വർഷങ്ങളിൽ രണ്ടു തവണയായാണു തുക കൈമാറിയത്.
എച്ച്പിസിഎലും ഭാരത് പെട്രോളിയം കോർപറേഷനും രണ്ടു തവണയായി 45 കോടി രൂപ വീതം നല്കി. കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (സിഎസ്ആർ) ഫണ്ടിൽനിന്നാണു മൂന്നു കന്പനികളും പ്രതിമയ്ക്കു സംഭാവന നല്കിയത്. പ്രതിമയോടനുബന്ധിച്ചുള്ള പരിസരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, ലൈബ്രറി നിർമാണം തുടങ്ങിയവയ്ക്കാണ് ഈ തുക ചെലവഴിക്കുകയെന്നും രേഖകളിൽ പറയുന്നു.
കൊച്ചി സ്വദേശി രാജു വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനു നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു പട്ടേൽ പ്രതിമയ്ക്കായി കൊടുത്ത തുക സംബന്ധിച്ച് എണ്ണക്കന്പനികൾ വിശദീകരണം നല്കിയത്. 182 മീറ്റർ ഉയരത്തിൽ ആകെ 2989 കോടി രൂപ ചെലവഴിച്ചാണു സർദാർ സരോവർ അണക്കെട്ടിനു സമീപത്തു പട്ടേൽപ്രതിമ നിർമിച്ചിട്ടുള്ളത്.