തൃക്കരിപ്പൂർ: റോഡ് പണിത് ഉദ്ഘാടനവും കഴിഞ്ഞു വാഹനമോടാൻ തുടങ്ങിയപ്പോൾ റോഡിന്റെ ഒത്ത നടുവിൽ അപകട കുരുക്കായി വൈദ്യുത തൂണിനെ താങ്ങി നിർത്താനുള്ള സ്റ്റേ വയർ. പഞ്ചായത്തിലെ വയലോടികല്യാട്ട് റോഡിലാണ് നാട്ടുകാരെയും ഡ്രൈവർമാരെയും അപകടത്തിലാക്കുന്ന തരത്തിൽ സ്റ്റേ വയർ സ്ഥാപിച്ചിട്ടുള്ളത്.
വയലോടി മൂലയിൽ കടവിലേക്കുള്ള പ്രധാന റോഡിൽ നിന്നും സുബ്രഹ്മണ്യ കോവിലിന് കിഴക്ക് ഭാഗത്ത് കൂടി കടന്നു പോകുന്ന കല്യാട്ട് റോഡ് നിർമിച്ചിട്ട് വർഷം മൂന്നായെങ്കിലും അപകട കുരുക്കായ് മാറിയ വൈദ്യുത തൂണിന്റെ സ്റ്റേ നീക്കാൻ ആരും തയ്യാറായിട്ടില്ല.
അത് കൊണ്ട് തന്നെ ഇത് വഴി കടന്നു പോകേണ്ട വാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമായിട്ടുണ്ട്. രണ്ട് തവണ ഓട്ടോറിക്ഷയും ഒരു തവണ ബൈക്കും തൊട്ടടുത്ത വയലിലേക്ക് മറിഞ്ഞാതായും ഭാഗ്യം കൊണ്ട് മാത്രമാണ് ഗുരുതര പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. രാത്രിയിൽ ഇതുവഴി പോകുന്നവർക്ക് അപകടത്തിൽ പെടാതിരിക്കാൻ തെരുവ് വിളക്ക് പോലും ഇല്ലാത്തത് മൂലം ഭയപ്പാടിലാണ് നാട്ടുകാർ.