ദാവൻഗരെ: കർണാടകയിലെ ദാവൻഗരെയിൽ ബൈക്ക് യാത്രക്കിടെ തെരുവ് നായയുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിച്ച യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. എന്നാൽ പിന്നീട് സംഭവിച്ചത് കഥാ പുസ്തകങ്ങളിൽ വായിച്ചതുപോലുള്ള കാര്യങ്ങളാണ്.
ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിൽവച്ചാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം നായ യുവാവിന്റെ വീട്ടിൽ എത്തി. തുടർന്ന് യുവാവിന്റെ അമ്മയുടെ അടുത്തെത്തി അവരുടെ കൈയിൽ തല ചായ്ച്ചു. അവരുടെ മകന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതുപോലെയായിരുന്നു ആ സംഭവം.
“ശവസംസ്കാരത്തിന് ശേഷം നായ ഞങ്ങളുടെ വീട്ടിലേക്ക് അടുക്കാൻ ശ്രമിച്ചു, പക്ഷേ പ്രദേശത്തെ മറ്റുള്ളവർ അത് തടഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് വീട്ടിൽ കയറി എന്റെ കൈയിൽ തല ചായ്ച്ചു. നായ എന്റെ മകൻ നഷ്ടപ്പെട്ടതിന്റെ സങ്കടം അറിയിക്കാൻ ശ്രമിക്കുന്നതായി ഞങ്ങൾക്ക് തോന്നി’. സംഭവത്തെ കുറിച്ച് യുവാവിന്റെ അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു.
നായ എട്ടുകിലോമീറ്ററോളം നടന്നതായി യുവാവിന്റെ ബന്ധു കൂട്ടിച്ചേർത്തു. മൃതദേഹം കയറ്റിയ വാഹനത്തെ പിന്തുടർന്നാണ് നായ എത്തിയത്. നായയോട് ദേഷ്യമില്ലെന്നും അപകടം സംഭവിച്ച് പോയതാണെന്നും യുവാവിന്റെ സഹോദരി പറഞ്ഞു.