കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ചു പറ്റിക്കുന്ന സംഘങ്ങള്‍ കോഴിക്കോട്ട് നഗരത്തില്‍ സജീവമാകുന്നു. ഈ സംഘത്തില്‍ പെട്ട രണ്ടു പേരേയാണ് ഇന്നലെ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാലിയം പുതിയപുരയില്‍ മന്‍സൂര്‍(24) വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജിബ്(22) എന്നിവരാണു സൗഹൃദം നടിച്ചു സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂര്‍ സ്വദേശിനിയായ 40 കാരിയെ ഇവര്‍ കോഴിക്കോട്ടേയ്ക്കു ക്ഷണിച്ചു വരുത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ച് സ്ത്രീകളെയും വിധവകളെയും കണ്ടെത്തി ഇവരുമായി സൗഹൃദം സ്ഥാപിച്ചു വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നു പോലീസ് പറയുന്നു. ചൊവ്വാഴ്ച പരാതിക്കാരിയെ കോഴിക്കോട് പട്ടണം കാണിച്ചു തരാമെന്നു പറഞ്ഞു പുതിയ സ്റ്റാന്‍ഡിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നു കേരളഭവന്‍ ലോഡ്ജില്‍ മുറിയെടുത്ത് ഇവരുടെ ആഭരണം കവരുകയായിരുന്നു.
ഒരു ലക്ഷം രൂപ വില വരുന്ന നാലുപവന്‍ മാലയും രണ്ടു ലോക്കറ്റും ഇവര്‍ തട്ടിയെടുത്തു. ആക്രമണത്തില്‍ യുവതിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. തുടര്‍ന്നു യുവതിയെ ലോഡ്ജില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ കടന്നു കളയുകയായിരുന്നു. മാല മോഷണം പോയ വിവരം യുവതി കസബ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.