നാദാപുരം: ചുഴലി റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി.വളയം പഞ്ചായത്ത് ഓഫീസിന് മുമ്പിലെ പറമ്പിലാണ് ബുധനാഴ്ച ഉച്ചയോടെ സ്റ്റീല്‍ ബോംബ് കണ്ടത്.പറമ്പില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാളികളാണ് ബോംബ് കണ്ടത് തുടര്‍ന്ന് വളയം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പറമ്പ് കിളക്കുന്നതിനിടയിലാണ് ബോംബ് ശ്രദ്ധയില്‍പ്പെട്ടത്.
വളയം എസ്ഐ പി.എല്‍.ബിനുലാല്‍,ബോംബ് സ്ക്വാഡ് എഎസ്ഐ എം.എം.ഭാസ്ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയില്‍ നിര്‍വ്വീര്യമാക്കി. കണ്ടെടുത്ത ബോംബ് പുതിയതും ഉഗ്ര ശേഷിയുള്ളതുമാണെന്ന് പോലീസ് പറഞ്ഞു.
മോട്ടോര്‍ ബൈക്കിലോ മറ്റോ ബോംബുമായി പോകുന്നതിനിടയില്‍ പോലീസ് പട്രോളിംഗിനിടയില്‍ റോഡില്‍ നിന്ന് പറമ്പിലേക്ക് എറിഞ്ഞതാവാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.മാസങ്ങള്‍ക്ക് മുമ്പ് വളയത്ത് ബിജെപി പ്രവര്‍ത്തകന്റെ വീട്ടിന് നേരെ എറിഞ്ഞത് ബുധനാഴ്ച്ച കണ്ടെത്തിയ ബോംബുമായി സാമ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.