കളമശേരി: പ്ലാസ്റ്റിക് വിമുക്ത കാന്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് സ്ട്രോകൾക്കു പകരം സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിദ്യാർഥികളുടെ തീരുമാനം. വിദ്യാർഥികളുടെ കൂട്ടായ്മയായ സ്മൈൽ മേക്കേഴ്സ് ഇതിന്റെ ഭാഗമായി കുസാറ്റ് കാന്റീനിൽ പ്ലാസ്റ്റിക് സ്ട്രോക്കു പകരം സ്റ്റീൽ സ്ട്രോ വാങ്ങി നൽകിയിരിക്കുകയാണ്.
പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കാൻ കാന്റീൻ ഉൾപ്പടെ കാമ്പസിനകത്തുള്ള പല കോഫി ഷോപ്പുകളുമായി വിദ്യാർഥികൾ നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ഇങ്ങനെ ഒരു ബദൽ സംവിധാനത്തിന് അവർ തയാറായത്.
ഇതോടു കൂടി ഇന്ത്യയിൽ സ്റ്റീൽ സ്ട്രോ ഉപയോഗിക്കുന്ന ആദ്യത്തെ യൂണിവേഴ്സിറ്റി കാന്റീനായി കുസാറ്റ് കോഫി ഹൗസ് മാറി. പ്ലാസ്റ്റിക് സ്ട്രോകൾ പോലെ ഉപയോഗശേഷം വലിച്ചെറിയാതെ സ്ട്രോകൾ വീണ്ടും കഴുകി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
തുടക്കമെന്ന നിലക്ക് ചൈനയിൽ നിന്നും നേരിട്ട് 200 സ്ട്രോകളാണ് സ്മൈൽ മേക്കേഴ്സ് ഓർഡർ ചെയ്തിരിക്കുന്നത്. സ്ട്രോകൾക്ക് ഒരെണ്ണത്തിന് 27രൂപയാണ് വില. എളുപ്പത്തിൽ വൃത്തിയാക്കാവുന്ന സ്റ്റീൽ സ്ട്രോകളുടെ ഉപയോഗം ബോധവത്കരണത്തിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാർഥികൾ.