കെഎസ്ആര്‍ടിസി അടക്കം ചീറിപ്പായുന്ന വഴിയില്‍ കൊച്ചുകുഞ്ഞിനെക്കൊണ്ട് വാഹനമോടിപ്പിച്ച് പിതാവ്! ഒന്നിലധികം തവണ സ്റ്റിയറിഗ് പൂര്‍ണ്ണമായും കുട്ടിയുടെ കൈയ്യില്‍; വീഡിയോ വൈറല്‍

സ്വന്തം മക്കളെ, അവരെത്ര ചെറുതായാലും മറ്റുള്ളവരുടെ മുമ്പില്‍ ഹീറോ ആക്കുക എന്നതാണ് ആധുനിക മാതാപിതാക്കളുടെ പ്രത്യേകത. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടിയാണ് പലരും മക്കളെ ഉപയോഗിച്ച് ചെയ്യുന്നത്.

അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങുന്നതും അടുത്തകാലത്ത് ട്രെന്‍ഡായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തിരക്കേറിയ റോഡില്‍ കുഞ്ഞിന്റെ കയ്യില്‍ കാറിന്റെ സ്റ്റിയറിങ് നല്‍കിക്കൊണ്ടാണ് ഒരു രക്ഷിതാവ് സാഹസ പ്രകടനം നടത്തിയിരിക്കുന്നത്.

വാഹനാപകടങ്ങളുടെ കണക്ക് ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെ അപകടം ക്ഷണിച്ചുവരുത്തുന്നതെന്നോര്‍ക്കണം.

കെഎസ്ആര്‍ടിസി ബസടക്കം ചീറിപ്പായുന്ന വഴിയിലാണ് കുഞ്ഞിനെക്കൊണ്ട് വാഹനമോടിപ്പിച്ചിരിക്കുന്നത്. വീഡിയോയില്‍ ‘വാഹനമോടിക്കുന്ന വ്യക്തി’ കൊച്ചു കുഞ്ഞിനെ മടിയിലിരുത്തി സ്റ്റിയറിങ് നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയാണ്.

ഒന്നിലധികം തവണ കുട്ടിയുടെ കയ്യില്‍ പൂര്‍ണമായും സ്റ്റിയറിങ് കൊടുക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷപ്രതികരണമാണ് ഉയരുന്നത്. വഴിയാത്രക്കാരും മറ്റ് വാഹനങ്ങളും ഏറെയുള്ള റോഡില്‍ കുഞ്ഞിന്റെ കയ്യില്‍ സ്റ്റിയറിങ് നല്‍കിയ വ്യക്തിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്.

Related posts