പത്തനാപുരം: പട്ടാഴിയില്‍ നിരവധി പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു.ഒരാൾക്ക് ഗുരുതര പരിക്ക്.നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റു. പട്ടാഴി മീനം ഏറത്തുവടക്ക് , താഴത്തു വടക്ക് ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ അക്രമണം ഉണ്ടായത്.
കടിയേറ്റ മീനം സ്വദേശിനി രാധയെ മാരക മുറിവുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. അയ്യപ്പൻകുട്ടി , റഹ്മത്ത് , ഗിരിജ, രാജൻ, സുജാത, ജയൻ എന്നിവർക്കും കടിയേറ്റു.ഇവർ പുനലൂർ, കൊട്ടാരക്കര , അടൂർ എന്നീ താലൂക്കാശുപത്രികളിൽ ചികിത്സതേടി.
ഒരു മാസത്തിന് മുൻപും പട്ടാഴി പ്രദേശത്ത് നിരവധി പേർക്കും വളർത്തു മൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റിരുന്നു. പട്ടാഴി ഗ്രാമ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് വന്ധ്യംകരണ കുത്തിവയ്പ് നടന്നുവരുന്നതായി അധികൃതർ പറയുന്നു. അനധികൃത അറവ്ശാലകളും തെരുവോരങ്ങളിലെ മാലിന്യ നിക്ഷേപവും തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. .