തൃശൂർ: തെരുവുനായ വന്ധ്യംകരണ പദ്ധതി “സുരക്ഷ 2019′ നോടനുബന്ധിച്ച് ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. എബിസി പ്രോഗ്രാം ലക്ഷ്യമിടുന്നത് തെരുവുനായകളുടെ എണ്ണം കുറയ്ക്കുക എന്നതാണ്. നായകളെ പിടിക്കുക, വന്ധ്യംകരിക്കുക, പരിചരണത്തിനുശേഷം പിടിച്ച സ്ഥലത്തു വിട്ടയയ്ക്കുക എന്നീ മൂന്ന് പ്രവർത്തനങ്ങളാണ് എബിസി പ്രോഗ്രാമിലൂടെ നടക്കുന്നത്.
ജില്ലയിൽ നിലവിൽ അഞ്ച് എബിസി യൂണിറ്റുകളുണ്ട്. ചാവക്കാട്, മുണ്ടത്തിക്കോട്, വെള്ളാങ്ങല്ലൂർ, മാള, ചാലക്കുടി എന്നിവിടങ്ങളിലായാണ് എബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച ഡോക്ടർ, നഴ്സിംഗ് അസിസ്റ്റന്റ്, കെയർടേക്കേഴ്സ് എന്നിവർ അടങ്ങിയ സംഘമാണ് നായകളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നത്. ഒരു തെരുവുനായയ്ക്ക് 2100 രൂപയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നത്.
കഴിഞ്ഞവർഷം 3,25,000 രൂപ നൽകി എബിസി പ്രോഗ്രാമിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് അവിണിശേരി ഗ്രാമപഞ്ചായത്താണ്. തൊട്ടുപിറകിൽ മൂന്നു ലക്ഷം രൂപ മാറ്റിവച്ച് ആളൂർ, അരിന്പൂർ, തളിക്കുളം ഗ്രാമ പഞ്ചായത്തുകൾ മാതൃകയായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ 1,581 നായകളെയാണ് വന്ധ്യംകരിച്ചത്.
പദ്ധതി ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശൻ നിർവഹിച്ചു. ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സതീശൻ, ജില്ലാ പഞ്ചായത്ത് മെന്പർ കെ.ജയശങ്കർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഗിരിജ, ഡോ. ഗിരിദാസ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ ഡോ.രവി കുമാർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. തുടർന്ന് എബിസി പദ്ധതി പ്രമേയമാക്കിയ നാടകം രംഗശ്രീ അവതരിപ്പിച്ചു.