ഇന്ത്യയുമായി നടന്ന നാലാം ടെസ്റ്റ് മത്സരത്തിന് മുമ്പായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ടിബറ്റന്‍ ആത്മീയ ഗുരുവായ ദലൈലാമയെ സന്ദര്‍ശിച്ചത് ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ദലൈലാമയുമായുള്ള ആ കണ്ടുമുട്ടലില്‍ അസാധാരണമോ അതീവരഹസ്യമോ ആയി ഒന്നുമില്ലെന്നാണ് ടീമംഗങ്ങള്‍ പറയുന്നത്. ദലൈലാമയും സ്മിത്തും പരസ്പരം മൂക്ക് മുട്ടിച്ച് നില്ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇതെന്തിനാണെന്നതായിരുന്നു എല്ലാവരുടെയും സംശയം. ഇതിന്റെ പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കികൊണ്ട് ഇപ്പോഴിതാ സാക്ഷാല്‍ സ്മിത്ത് തന്നെ രംഗത്തെത്തിയിരിക്കുന്നു.
അത്യധികം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരു മത്സരത്തിന് മുമ്പ് ഒരല്‍പ്പം മനസ്സമാധാനം തേടിയാണ് താന്‍ ദലൈലാമയെ സന്ദര്‍ശിച്ചതെന്ന് ഓസീസ് നായകന് വ്യക്തമാക്കി. ധര്‍മ്മശാലയിലെ ക്ഷേത്രത്തിലെ സന്ദര്‍ശനവും ദലൈലാമയുടെ പ്രഭാഷണവുമെല്ലാം ഒരു അസുലഭ ഭാഗ്യമായിരുന്നു എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തിനൊപ്പം സ്മിത്ത് കുറിച്ചത്.
നല്ല ഉറക്കം കിട്ടാനുള്ള എന്തെങ്കിലും ധ്യാനവിദ്യകള്‍ കിട്ടുമോയെന്ന് സ്മിത്തിന്റെ ചോദ്യത്തിന് അത് തനിക്കറിയില്ല എന്നാണ് ദലൈലാമ മറുപടി പറഞ്ഞതെന്നാണ് താരം പറഞ്ഞത്. അങ്ങനെ പറഞ്ഞെങ്കിലും അദ്ദേഹം തന്റെ മൂക്ക് എന്റെ മൂക്കില്‍ ഉരസി. അതീവ സമ്മര്‍ദ്ദം നേരിടുന്ന ഈ സമയത്ത് അല്പം സമാധാനം തേടിയാണ് താന്‍ ദലൈലാമയെ സന്ദര്‍ശിച്ചതെന്നും സ്മിത്ത് പറഞ്ഞു.