ക്രൊയേഷ്യൻ മുൻ താരമായ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ പുരുഷ ടീം പരിശീലകനാകും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ടെക്നിക്കൽകമ്മിറ്റി ഇന്നലെ നടത്തിയ മാരത്തണ്‍ ചർച്ചയ്ക്കൊടുവിലാണ് തീരുമാനമായത്. സ്റ്റിമാച്ച് എഐഎഫ്എഫിന്റെ മുഖാമുഖത്തിന് നേരിട്ട് എത്തിയിരുന്നു. ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശ എഐഎഫ്എഫ് അംഗീകരിച്ചാൽ സ്റ്റിമാച്ച് പരിശീലക ചുമതലയേൽക്കും.
ബംഗളൂരു എഫ്സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെയും എഐഎഫ്എഫ് പരിഗണിച്ചിരുന്നു. കമ്മിറ്റിയിലെ ചിലർ റോക്കയ്ക്ക് അനുകൂല തീരുമാനമെടുത്തെങ്കിലും അവസാന കുറി വീണത് ക്രൊയേഷ്യൻ പരിശീലകനായിരുന്നു.
2014 ലോകകപ്പിന് ക്രൊയേഷ്യ യോഗ്യത നേടിയത് സ്റ്റിമാച്ചിന്റെ ശിക്ഷണത്തിലായിരുന്നു. പ്രതിരോധനിരക്കാരനായി കളിച്ചിട്ടുള്ള സ്റ്റിമാച്ച് 53 മത്സരങ്ങളിൽ ക്രൊയേഷ്യൻ ജഴ്സി അണിഞ്ഞിട്ടുണ്ട്. 1998 ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാമതെത്തിയപ്പോൾ ടീമംഗമായിരുന്നു.