നാട്ടിലും സ്കൂളിലും ഇപ്പോള്‍ സ്റ്റീഫനാണു താരം! പമ്പയില്‍ മുങ്ങിത്താഴ്ന്ന മൂന്നര വയസുകാരനായ സഹോദരന് രക്ഷകനായവന്‍; സംഭവം ഇങ്ങനെ…

STEPHEN-INNERമങ്കൊമ്പ്: ഏഴു വയസുകാരന്റെ ധൈര്യവും സമയോചിതമായ ഇടപെടലുംമൂലം മൂന്നര വയസുകാരനായ സഹോദരനു പുനര്‍ജന്മം. കുട്ടനാട്ടിലെ ചേന്നങ്കരി കല്ലുപാത്ര സിബിച്ചന്റെ മകന്‍ സ്റ്റീഫന്‍ ജോസഫാണ് അനുജന്‍ സ്റ്റീജോയുടെ ജീവന്‍ രക്ഷിച്ചത്. കളിച്ചു കൊണ്ടിരിക്കെ വീടിനു മുന്‍വശത്തുള്ള ആറ്റില്‍ മുങ്ങിത്താഴ്ന്ന കുഞ്ഞനുജനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നതിലൂടെ നാട്ടിലും സ്കൂളിലും ഇപ്പോള്‍ സ്റ്റീഫനാണു താരം.

കഴിഞ്ഞ ദിവസം വേണാട്ടുകാട് ആറ്റിലാണ് സംഭവം. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന സ്റ്റീഫനും സ്റ്റീജോയും വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ സ്റ്റീജോ കാല്‍വഴുതി പമ്പയാറ്റിലേക്കു വീണു.

ഈ സമയത്തു സിബിച്ചന്‍ വീട്ടിലില്ലായിരുന്നു. അനുജന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതുകണ്ട്് സ്റ്റീഫന്‍ നിലവിളിച്ചങ്കിലും ആരും കേട്ടില്ല. സഹായത്തിനാരെയും കാണാതായതോടെ നീന്തലറിയാവുന്ന സ്റ്റീഫന്‍ ധൈര്യം സംഭരിച്ച് ആറ്റിലേക്കു ചാടുകയായിരുന്നു.

കരയില്‍നിന്ന് ആഴങ്ങളിലേക്കു അകന്നുപൊയ്‌ക്കൊണ്ടിരുന്ന അനുജനെ തോളില്‍ പിടിപ്പിച്ച ശേഷം സ്റ്റീഫന്‍ കരയിലേക്കു നീന്തിയടുക്കുകയായിരുന്നു. ബഹളംകേട്ടു മാതാവ് ജോമോള്‍ ഓടിയെത്തുമ്പോഴേക്കും കുഞ്ഞനുജനെ ജ്യേഷ്ഠന്‍ സുരക്ഷിതമായി കരയോടടുപ്പിച്ചിരുന്നു. ഓടിയെത്തിയ മോളി ഇരുവരെയും വലിച്ചു കരയ്ക്കു കയറ്റി. രണ്ടുപേരും ഏറെ ക്ഷീണിതരായിരുന്നു. ചേന്നങ്കരി ദേവമാതാ ഹൈസ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് സ്റ്റീഫന്‍. സ്റ്റീഫനെ സ്കൂളില്‍ അധ്യാപകരും സഹവിദ്യാര്‍ഥികളും അനുമോദിച്ചു.

Related posts