കടുത്തുരുത്തി: കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാടുകാരൻ വീട്ടിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ കൊലപാതകിയിലേക്കു എത്താൻ വേണ്ട തെളിവുകൾക്കായി പോലീസ് പരക്കം പായുന്നു.
സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പുരോഗമിക്കുന്നതെന്ന് പോലീസ് അവകാശപ്പെടുന്പോളും അറസ്റ്റിനാവശ്യമായ തെളിവുകൾ തേടുകയാണ് പോലീസ്. ഇതേസമയം സംഭവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെട്ട സ്റ്റീഫന്റെ ബന്ധുവിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയാറാകുന്നില്ല. തെളിവുകൾക്കായി ശാസ്ത്രീയ അന്വേഷണ മാർഗങ്ങളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. സംശയിക്കപ്പെടുന്നവരുടെ ഫോണ് കോളുകളും സംഭവം നടന്ന കുറുപ്പന്തറയുടെ സമീപപ്രദേശങ്ങളിലെ സി സി ടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുമെല്ലാം പോലീസ് ശേഖരിച്ചു വരികയാണ്. ശക്തമായ മഴയുണ്ടായിരുന്ന സമയത്താണ് കൃത്യം നടന്നതെന്നതിനാൽ ഡോഗ് സ്ക്വാഡിന് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകളെ പോലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ലഭിച്ച മൊഴികളിൽ സംശയം തോന്നുന്നവരുടെ മൊഴികൾ വീണ്ടും വിശദമായി പരിശോധിക്കുകയും ചിലരിൽ നിന്നു വീണ്ടും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ സംശയത്തിന്റെ നിഴലിലുള്ളവരുടെ കോൾ വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇന്ന് കൊല്ലപ്പെട്ട സ്റ്റീഫന്റെ അടുത്ത ബന്ധുക്കളിൽ പലരുടെയും മൊഴിയെടുക്കും.
സംഭവം നടന്ന് നാലാം ദിവസത്തിലേക്ക് എത്തിയിട്ടും പട്ടാപ്പകൽ നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ വൈകുന്നത് പോലീസിനും തലവേദനയാണ്. സംഭവത്തിൽ ഒന്നിലധികം ആളുകൾ ഉൾപെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതേസമയം കൊല നടത്താനുപയോഗിച്ചിരിക്കാമെന്നു കരുതുന്ന ആയുധം ഇനിയും പോലീസിന് ലഭിച്ചിട്ടില്ല.