വിശ്വവിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് അനേക നാളുകളായി വീല്‍ച്ചെയറിലായിരുന്നു. എഴുപത്തിയാറ് വയസായിരുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആണ് പ്രശസ്ത രചന. പ്രപഞ്ചവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിട്ടുള്ള പരീക്ഷണങ്ങളും അതുവഴിയായി കണ്ടെത്തി പ്രവചിച്ചിട്ടുള്ളവയും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിട്ടുള്ളവയാണ്.
തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കിയ അദ്ദേഹം 1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമാണ് മാതാപിതാക്കള്‍.
17ആം വയസ്സില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് രണ്ട് വര്‍ഷമായിരുന്നു ഡോക്ടര്‍മാര്‍ ആയുസ് വിധിച്ചിരുന്നത്. എന്നാല്‍ വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമായി ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായി അദ്ദേഹം മാറുകയായിരുന്നു. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആണ് ഏറ്റവും പ്രശ്സതമായ അദ്ദേഹത്തിന്റെ രചന