പി.പി.ചെറിയാൻ
ഓഹിയോ: ഓഹിയോ ഹൈസ്കൂൾ വിദ്യാർഥിയും ഫുട്ബോൾ താരവുമായ സ്റ്റീഫൻ മെഹ്റർ മരണമടഞ്ഞ സംഭവത്തിൽ ഫാർമസി കന്പനിക്കെതിരേ കേസെടുക്കാൻ കോടതി അനുമതി നൽകി.
രണ്ട് മാസത്തിനുള്ളിൽ അമേരിക്കൻ ഫാർമസി കമ്പനിയായ വാൾഗ്രീൻസിൽ നിന്നും പരിധിയിൽ അധികം വേദനസംഹാരി ഗുളിക മെഹ്റർ വാങ്ങിച്ചിരുന്നു. ഇതാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമായതെന്നാണ് പരാതി.
2009 ഒക്ടോബറിലാണ് ഡബ്ലിൻ ജെറോം സ്കൂളിന് വേണ്ടി ഫുട്ബോൾ കളിക്കുന്നതിനിടെ മെഹ്ററിന് തോളിലെ വേദന ഒഴിവാക്കാൻ അദ്ദേഹത്തിന്റെ ഡോക്ടർ ആദ്യമായി ഹൈഡ്രോകോഡോൺ ഗുളികകൾ നിർദേശിച്ചത്. പിന്നീട് വേദന മാറാൻ മെഹ്റർ തുടർച്ചയായി ഇത് വാങ്ങി കഴിച്ചു.
തുടർച്ചയായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് വിദ്യാർഥി വേദനസംഹാരികൾക്ക് അടിമയായി. അഞ്ച് തവണ മയക്കുമരുന്ന് പുനരധിവാസത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും 2017 ഒക്ടോബറിൽ അദ്ദേഹം മരിച്ചു.
മാതാപിതാക്കൾ കന്പനിക്കെതിരേ 2019-ൽ കേസ് കൊടുത്തു. 2022 ഏപ്രിലിൽ ഫാർമസി കന്പനിക്ക് മെഹ്ററുടെ മരണത്തിൽ പങ്കില്ലെന്ന് വിചാരണ കോടതി വിധിച്ചു.
ഇതിനെതിരേ കുടുംബം അപ്പീൽ നൽകി. തുടർന്നാണ് കേസ് ട്രയൽ കോടതി വീണ്ടും പരിഗണിക്കണമെന്ന് പത്താം ഡിസ്ട്രിക്റ്റ് കോടതി വിധിച്ചത്.