റാന്നി: പ്രളയത്തിൽ വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലുമടക്കം വെള്ളം കയറി സകലവും നഷ്ടപ്പെട്ട വ്യാപാരിയോട് ബാങ്കുകളും സർക്കാരും നീതികാട്ടാത്തതിൽ പ്രതിഷേധിച്ച് മിനി സിവിൽ സ്റ്റേഷനു മുന്നിൽ വ്യാപാരിയും കുടുംബവും ഉപവാസ സമരം നടത്തി. റാന്നി ഇടശേരിൽ എബി സ്റ്റീഫൻ, മാതാവ്, ഭാര്യ, മൂന്ന് മക്കൾ എന്നിവരാണ് മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഷെഡ് കെട്ടി ഇന്നലെ രാവിലെ പത്തോടെ സമരം തുടങ്ങിയത്.
വസ്ത്രവ്യാപാരശാല, ബേക്കറി, സ്റ്റേഷനറി, ഫോട്ടോസ്റ്റാറ്റ് എന്നിവയടക്കം ഏഴ് സ്ഥാപനങ്ങളാണ് എബിക്ക് മുണ്ടപ്പുഴ ടൗണിലുണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14നു രാത്രിയുണ്ടായ പ്രളയത്തിൽ ഏഴ് സ്ഥാപനങ്ങളിലും വീട്ടിലും വെള്ളം കയറി ഒന്നും ശേഷിക്കാത്തവിധം നാശനഷ്ടമുണ്ടാക്കി.
വിവിധ ബാങ്കുകളിൽ നിന്ന് കടമെടുത്ത് വ്യാപാരം നടത്തിവന്നിരുന്ന എബിക്ക് ഇത് താങ്ങാൻ കഴിയുമായിരുന്നില്ല. വായ്പാ തിരിച്ചടവിന്റെ സമയം കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോൾ ബാങ്ക് അധികൃതരെ സമീപിച്ച് തന്റെ അവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ നിയമവ്യവസ്ഥകൾ മുന്നോട്ടു വയ്ക്കുകയായിരുന്നു.
ജില്ലാ കളക്ടറെ കണ്ട് തന്റെ നിസഹായവസ്ഥയും ബാങ്കുകളുടെ കടുംപിടിത്തവും അദ്ദേഹം ധരിപ്പിച്ചു. കളക്ടർ ലീഡ് ബാങ്ക് മാനേജരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് നിർദേശിച്ചെങ്കിലും ബാങ്കുകളുടെ ഭാഗത്തുനിന്നും എബിക്ക് നീതി ലഭിച്ചില്ലെന്നാണ് പരാതി.
ഇതേത്തുടർന്നാണ് എബി ഇന്നലെ കുടുംബസമേതം നിരാഹാര സമരത്തിനിറങ്ങിയത്. എബിയും കുടുംബവും ഉപവാസ സമരം നടത്തുന്ന വിവരമറിഞ്ഞ് ജില്ലാ കളക്ടർ സമരപന്തലിലെത്തി എബിയുമായി സംസാരിച്ചു.പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട ബാങ്ക് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരി വ്യവസായികളുടെയും യോഗം വിളിച്ച് വെള്ളിയാഴ്ചയ്ക്കു മുന്പായി തീർപ്പുണ്ടാക്കാമെന്ന് കളക്ടർ ഉറപ്പു നൽകി.
ഉപവാസ സമരം അവസാനിപ്പിക്കാൻ എബിയോടും കുടുംബത്തോടും അഭ്യർഥിക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ഉപവാസ സമരം താത്കാലികമായി അവസാനിപ്പിച്ചു.