നിലന്പൂർ: ആറു കിലോ കഞ്ചാവുമായി നിലന്പൂർ പോലീസിന്റെ പിടിയിലായ പ്രതി റിമാൻഡിൽ. അരീക്കോട് ചോലയിൽകുന്ന് വിളയിൽ പയന്തപ്പുറത്ത് സഹീർ അബ്ബാസ് എന്ന സ്റ്റെപ്പിനി അബ്ബാസിനെ(38)യാണ് നിലന്പൂർ സിഐ കെ.എം.ബിജുവും പ്രത്യേക സംഘവും അറസ്റ്റ് ചെയ്തത്.
നിലന്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇയാൾ അറസ്റ്റിലായത്. കേരളത്തിലെ മിക്ക ജില്ലകളിലും വഞ്ചനാക്കുറ്റം, മയക്കുമരുന്ന് കേസ് എന്നിവയിൽ പ്രതിയായ അബ്ദുൾ അസീസ് എന്ന അറബി അസീസിനു വേണ്ടി പോലീസ് വിരിച്ച വലയിൽ സഹായി ആയ സഹീർ അബ്ബാസ് അകപ്പെടുകയായിരുന്നു.
ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു അസീസിനു വേണ്ടി വൻ തോതിൽ കഞ്ചാവ് മലപ്പുറം ജില്ലയിലെത്തുന്നുണ്ടെന്നു നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സലീമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വലവിരിച്ചത്.
ആഴ്ചകളോളം നിരീക്ഷിച്ചു കാത്തിരുന്ന പോലീസിന്റെ വലയിൽ അബ്ബാസ് പെടുകയായിരുന്നു. അസീസിനു കഞ്ചാവ് എത്തിച്ചുനൽകുന്നതിനാലാണ് അബ്ബാസിനെ സ്റ്റെപ്പിനി അബ്ബാസ് എന്നു വിളിക്കുന്നത്. അറബി അസീസിനു വേണ്ടിയും സ്വന്തമായും ഇതര സംസ്ഥാനങ്ങളിൽ നിന്നു വൻ തോതിൽ കഞ്ചാവ് ജില്ലയിലെത്തിച്ചു വിൽപ്പന നടത്തിയതായി ഇയാൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
കുപ്രസിദ്ധ മോഷ്ടാവ് ഒ.പി ലത്തീഫിനും സംഘത്തിനുമൊപ്പം വഞ്ചനാക്കുറ്റത്തിനു പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചതായും പോലീസ് പറഞ്ഞു. പ്രതിക്കതിരെ തൃശൂർ, കുന്നംകുളം, കണ്ണൂർ, കണ്ണമംഗലം, കോഴിക്കോട്, കുന്നമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ വഞ്ചനാ കേസുകളുണ്ട്.
തമിഴ്നാടിലെ കന്പം, തേനി, തിരിപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലേക്കു കഞ്ചാവ് എത്തിക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ചു ഏജൻസികൾക്കു മൊത്തമായി കഞ്ചാവ് എത്തിക്കുന്നതാണ് അബ്ബാസിന്റെ രീതി. ഇയാളിൽ നിന്നും മറ്റും കഞ്ചാവ് എത്തിക്കുന്ന ഏജന്റുമാർക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
സിഐയെ കൂടാതെ നിലന്പൂർ എസ്ഐ റസിയ ബംഗാളത്ത്, പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട എഎസ്ഐമാരായ സത്യനാഥൻ മാനാട്ട്, അബ്ദുൾ അസീസ് കാരിയോട്ട്, ശശി കുണ്ടറക്കാട്, ടി.ശ്രീകുമാർ, ഉണ്ണികൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ്, വി.കെ.പ്രദീപ്, മാത്യൂ വർഗീസ്, മുഹമ്മദ് ഷാഫി, സുരേഷ് ബാബു, റഹിയാനത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.