ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് ഫോര്‍വേഡ് റഹീം സ്റ്റെര്‍ലിംഗിന് ഈ വര്‍ഷത്തെ ദ ഇന്റഗ്രിറ്റി ആന്‍ഡ് ഇംപാക്ട് അവാര്‍ഡ്. വംശീയാധിക്ഷേപം ഉള്‍പ്പെടെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിനാണ് ബിടി സ്പോര്‍ട് ഇന്‍ഡസ്ട്രി അവാര്‍ഡ് നല്‍കുന്നത്.
കായിക ലോകത്ത് വംശീയാധിക്ഷേപം ഇല്ലാതാക്കാന്‍ ശക്തമായി പോരാടുന്ന ഫുട്ബോളറാണ് സ്റ്റെര്‍ലിംഗ്. ഫുട്ബോളില്‍ ഇത് ഇല്ലാതാക്കാന്‍ താരം പുതിയ നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. കളിക്കളത്തില്‍ കളിക്കാര്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് അവര്‍ തുറന്നുപറയണമെന്ന് ഇംഗ്ലീഷ്താരം ആഹ്വാനം ചെയ്തിരിക്കുകയാണ്.
ലീഗ് മത്സരങ്ങളില്‍ വംശീയാധിക്ഷേപം നടത്തുന്ന ആരാധകരുള്ള ക്ലബ്ബിന്റെ ഒമ്പത് പോയിന്റ് കുറയ്ക്കണമെന്നും കൂടാതെ ക്ലബ്ബിനെ കാണികളില്ലാത്ത അടച്ചിട്ട സ്റ്റേഡിയത്തിൽ മൂന്നു മത്സരങ്ങള്‍ കളിപ്പിക്കണമെന്നുമുള്ള ആവശ്യം താരം ഉന്നയിച്ചിട്ടുണ്ട്. ഡൗ ജോണ്‍സ് സ്പോര്‍ട്സ് ഇന്റലിജന്‍സ് ആണ് ഈ അവാര്‍ഡിന്റെ സ്ഥാപകന്‍. വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ സ്റ്റെര്‍ലിംഗിനെ അദ്ദേഹം പ്രശംസിച്ചു.