ആലപ്പുഴ: ജിംനേഷ്യത്തിൽ പരിശീലിക്കുന്നവരും കായികതാരങ്ങളൂം കൂടുതൽ മസിൽ ഉണ്ടാകുന്നതിനും അമിത വിശപ്പിനുമായി കഴിക്കുന്ന വണ്ടർ ഗുളികകൾ എന്നറിയപ്പെടുന്ന സ്റ്റിറൊയിഡ് ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് ആലപ്പുഴ ടൗണ്‍, ആലപ്പുഴ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റേഷന്റെ മുന്നിൽനിന്നും 280 സ്റ്റിറൊയിഡ് ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തത്.
ജാർക്കണ്ഡ് ഗിരിഡി ജില്ലയിൽ പചന്പയിൽനിന്നും ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ ആലപ്പുഴയിൽ എത്തിയ മുഹമ്മദ് സൊയബ് അൻസാരി (22) ആണ് പിടിയിലായത്. ജിംനേഷ്യത്തിൽ പരിശീലിക്കുന്നവരും കായികതാരങ്ങളൂം കൂടുതൽ മസിൽ ഉണ്ടാകുന്നതിനും അമിത വിശപ്പിനുമായി കഴിക്കുന്ന ഗുളികകളാണു ഇതെന്നും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം കഴിക്കാവുന്ന ഈ ഗുളികൾ വണ്ടർ ഗുളികകൾ എന്ന അപരനാമത്തിൽ യുവാക്കൾ ദുരുപയോഗം ചെയ്യാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്ത് ഹോട്ടൽജോലി ചെയ്യുന്ന ഇയാൾ അവിടെയുള്ള ഒരു സുഹൃത്തിനു നൽകാനായി നാട്ടിൽനിന്നും കൊണ്ടുവന്നതാണെന്നാണെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കുന്നതാണെന്നും സിഐ പറഞ്ഞു. ഇതുപോലെ സ്റ്റിറൊയിഡ് അടങ്ങിയിട്ടുള്ള മരുന്നുകളുടെ തുടർച്ചയായിട്ടുള്ള ഉപയോഗം ദൂരവ്യാപകമായ വിപരീതഫലങ്ങൾ ഉണ്ടാക്കുന്നവയാണെന്നും ഇതു സംബന്ധിച്ച് ജിംനേഷ്യങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളിൽ ബോധവത്കരണം നടത്തുന്നുമെന്നും സിഐ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത യുവാവിനെ ഗുളികകളുമായി ജില്ലാ ഡ്രഗ് ഇൻസ്പെക്ടർക്ക് മുന്‍പാകെ ഹാജരാക്കി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ വി. റോബർട്ടിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്, ഫെമിൻ, എം.കെ. സജിമോൻ, എൻ. ബാബു സിവിൽ എക്സൈസ് ഓഫീസർ അരുണ്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.