നെടുങ്കണ്ടം: രാമക്കൽമേട്ടിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
മലപ്പുറം കൽപകശേരി ജിവിഎച്ച്എസിലെ വിദ്യാർഥി നിഹാൽ (18) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. നിഹാലിന്റെ നേതൃത്വത്തിൽ രണ്ട് ബസുകളിലായി 93 വിദ്യാർഥികളാണ് രാമക്കൽമേട്ടിലെത്തിയത്.
ബുധനാഴ്ച രാത്രി റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ നിഹാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടെയുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയശേഷം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സ നൽകിയെങ്കിലും കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു.
ആശുപത്രി അധികൃതരുടെ ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ ബഹളം വച്ചതിനെത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നിഹാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർഥികളുടെ ടൂർ സംബന്ധിച്ചും അവ്യക്തതകളുണ്ട്. സ്കൂൾ അധികൃതരോ വീട്ടുകാരോ അറിയാതെയാണ് ഇത്രയും വിദ്യാർഥികൾ എത്തിയതെന്നും പറയപ്പെടുന്നു.