വടക്കഞ്ചേരി: അറുപത്തിയേഴുവർഷം നീണ്ട തുന്നൽപണിയിൽനിന്നും വണ്ടാഴിക്കാരുടെ തുന്നൽക്കാരനായ ചാത്തേ ലേട്ടൻ പിന്മാറി. ഇനി ജീവിതസായാഹ്നത്തിന്‍റെ വിശ്രമദിനങ്ങ ളിൽ. വണ്ടാഴി സിവിഎം എച്ച്എസ്എസിനു മുന്നിൽ പഴയ കെട്ടിടത്തിലെ വാടകമുറിയായിരുന്നു ചാത്തേലേട്ടന്‍റെ തുന്നൽശാല. 67 വർഷംമുമ്പ് പതിനേഴാം വയസിൽ തുന്നൽപണി തുടങ്ങിയതും പ്രായത്തിന്‍റെ അവശതകളിൽ തുന്നൽപണി നിർത്തുന്നതും ഈ കുടുസുമുറിയിൽ തന്നെ.
വണ്ടാഴി കിഴക്കേത്തറയിലെ വീട്ടിലാണ് ചാത്തേലേട്ടന്‍റെ വിശ്രമജീവിതം. തന്‍റെ ജീവിതവഴിയായി 67 വർഷം ഒപ്പമുണ്ടായിരുന്ന സിംഗർ എന്ന ഇംഗ്ലണ്ട് മെയ്ഡ് തയ്യൽമെഷീനും പന്ത്രണ്ട് ഇഞ്ചിന്‍റെ ജർമൻ മെയ്ഡ് കത്രികയും ഓർമകൾ പങ്കുവയ്ക്കാൻ ചാത്തേലേട്ടനൊപ്പം വീട്ടിലുണ്ട്.
ഇപ്പോഴും ചെറിയ കേസുകളൊക്കെ വന്നാൽ ചാത്തേലേട്ടൻ അറ്റൻഡ് ചെയ്യും. പുതിയ മോഡേൺ തയ്യലൊന്നും നടക്കില്ലെന്നു മാത്രം. ഒരേതൊഴിലിൽ ഒരേ സ്‌ഥലത്ത് ഇത്രയേറെ വർഷം ജോലി ചെയ്ത് കുടുംബം നയിച്ചവർ അപൂർവമാകും. ഇതുകൊണ്ടു തന്നെ വണ്ടാഴിയുടെ വളർച്ചയും തളർച്ചയും ചാത്തേലേട്ടനെപ്പോലെ നേരിട്ട് അറിയുന്നവർ ചുരുക്കമാണ്.
തുന്നൽക്കാരൻ എന്നതിനപ്പുറമായിരുന്നു ചാത്തേലേട്ടന്‍റെ വിവിധ രംഗങ്ങളിലുള്ള ഇടപെടലുകൾ. അടുത്താഴ്ചയിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എത്തി അറുപതാം പിറന്നാൾ ആഘോഷിക്കുന്ന വണ്ടാഴി പ്രഭാത് ലൈബ്രറിയുടെ തുടക്കക്കാരിലെ പ്രധാനിയായിരുന്നു ചാത്തേലൻ എന്ന ഈ 84 കാരൻ.
പാടശേഖരസമിതി സെക്രട്ടറി, പഞ്ചായത്തിലെ മാതൃക നെൽകർഷകൻ തുടങ്ങിയ നിലകളിലും ചാത്തേലേട്ടൻ നിറഞ്ഞു നിന്നു. ചിട്ടയായ ജീവിതവും മിതമായ ആഹാരവുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് ചാത്തേലേട്ടൻ പറയുന്നു. മത്സ്യ മാംസാദികൾ ഇതുവരെ കഴിച്ചിട്ടില്ല. പുകവലി, മദ്യപാനം, വെറ്റിലമുറുക്ക് തുടങ്ങിയ ദുശീലങ്ങളുമില്ല. ഇതിനാൽ പല്ലുകൾക്ക് ഇന്നും യുവത്വത്തിന്‍റെ തിളക്കമുണ്ട്.
ഹാസ്യാത്മക സംഭാഷണം, വസ്ത്രധാരണത്തിലെ മിതത്വം സമീപ കടക്കാർക്കും തൊട്ടുതന്നെയുള്ള വയസന്മാരുടെ ക്ലബായ ഫ്രണ്ട്സ് ക്ലബ് അംഗങ്ങൾക്കും ചാത്തേലേട്ടനെക്കുറിച്ചു പറയാൻ ഒരുപാട് നല്ല ഓർമകളുണ്ട്. വണ്ടാഴി സ്കൂളിൽ പഠിച്ചുപോയവരെല്ലാം ചാത്തേലേട്ടന് ഓർക്കാതിരിക്കില്ല. ജോലികിട്ടി സ്കൂളിലേക്കും കൂട്ടുകാരെ കാണാനുമൊക്കെ വണ്ടാഴിയിൽ വന്നാൽ ചാത്തേലേട്ടനെ കൂടി കണ്ടേ എല്ലാവരും മടങ്ങൂ. സാധിക്കുംവരെ തുന്നൽ മെഷീനുമായുള്ള സൗഹൃദം തുടരുമെന്നാണ് ചാത്തേലേട്ടൻ പറയുന്നത്.