തിരുവനന്തപുരം: വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യണമെന്ന ഉത്തരവ് ലംഘിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ത്രിമാരിൽ കൃഷ്ണൻകുട്ടിയുടെ മാത്രം വാഹനത്തിലെ കർട്ടനുകൾ ഇതുവരെ നീക്കിയില്ല.
മറ്റ് മന്ത്രിമാരുടെ വാഹനത്തിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ. രാജു, സുനിൽ കുമാർ, എ.സി. മൊയ്തീൻ എന്നിവരുടെ വാഹനങ്ങളിലെ കർട്ടനുകൾ നീക്കം ചെയ്തിരുന്നില്ല.
വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ വ്യാപക നടപടി തുടരുന്പോഴാണ് പരസ്യമായി നിയമം ലംഘിച്ച് വിഐപികൾ യാത്രകൾ തുടർന്നിരുന്നത്.
സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികൾക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകൾ നിയമപ്രകാരം മറയ്ക്കാൻ കഴിയൂ. കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണ് ഇളവ്.