കൊച്ചി/ ആലുവ: സംസ്ഥാനത്തെ മറ്റു പല ജില്ലകളിലും കാണപ്പെട്ട പോലെ തൃപ്പൂണിത്തുറ എരൂരിലും ആലുവയിലും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി കറുത്ത സ്റ്റിക്കർ. നിരവധി വീടുകളുടെ ജനൽച്ചില്ലുകളിൽ പ്രത്യക്ഷപ്പെട്ട കറുത്ത സ്റ്റിക്കറുകൾ മോഷണത്തിനോ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനോ മറ്റുമുള്ള അടയാളങ്ങളാണെന്ന ആശങ്കയാണു പ്രദേശവാസികൾക്കുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം മോഷണ നടന്ന എരൂരിലെ വീടിനു സമീപം തന്നെയുള്ള ലേബർ കോളനിയിലെ ചില വീടുകളിലും ചോറ്റാനിക്കര ഭാഗത്തെ വീടുകളിലുമാണു കറുത്ത സ്റ്റിക്കർ ജനൽച്ചില്ലുകളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇങ്ങനെ സ്റ്റിക്കർ പതിക്കുന്ന വീടുകളിൽ മോഷണം നടക്കുമെന്നതടക്കമുള്ള പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇതിനു ചുവടുപിടിച്ച് ആരെങ്കിലും മനപൂർവ്വം ചെയ്യുന്നതാണെന്ന നിഗമനമാണു പോലീസ് . ഹിൽപ്പാലസ് പോലീസ് സ്റ്റിക്കർ കണ്ട വീടുകൾ എത്തി പരിശോധനകൾ നടത്തി.
സ്റ്റിക്കർ പതിച്ച വീടുകളിൽ ഇതുവരെ മോഷണങ്ങളോ കവർച്ചാശ്രമങ്ങളോ നടന്നിട്ടില്ല. ആലുവ കുട്ടമശേരി കരോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള മൂന്നോളം വീടുകളിലാണു കറുത്ത സ്റ്റിക്കർ പതിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടമശേരി ചെന്പിൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള നാലു വീടുകളടങ്ങുന്ന ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലിലാണു സ്റ്റിക്കർ പതിച്ചത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്.
ഈ വീട്ടിൽ ആറു മാസം പ്രായമുള്ള കുട്ടിയുണ്ട്. ഇതു കൂടാതെ ക്വാർട്ടേഴ്സിലെ മറ്റു വീടുകളിലും കൊച്ചു കുട്ടികൾ ഉള്ളതാണ്. സംഭവം അറിഞ്ഞു സമീപവാസികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനു സമീപമുള്ള കരോട്ട് വിഷ്ണുവിന്റെ വീടിന്റെ ജനൽചില്ലിലും കറുത്ത സ്റ്റിക്കർ കണ്ടെത്തി. ഈ വീട്ടിലും ഒരു വയസുള്ള കുട്ടിയുണ്ട്. സംഭവം അറിഞ്ഞു ഭീതിയിലായ നാട്ടുകാർ ആലുവ ഈസ്റ്റ് പോലീസിനെ വിവരം അറിയിക്കുകയും കൂടുതൽ പരിശോധന നടത്തി വരികയുമാണ്.
ഇനി ജനൽചില്ലുകൾ തമ്മിൽ തട്ടി പൊട്ടാതിരിക്കാൻ കന്പനികൾ ഒട്ടിക്കുന്നതാണോ സ്റ്റിക്കറുകളെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇത്രയും നാൾ ശ്രദ്ധിക്കാതിരുന്ന കാര്യങ്ങൾ വീട്ടുകാർ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ അറിഞ്ഞപ്പോൾ നോക്കിയതാകാം.
ചില വീടുകളിൽ ആളുകൾക്ക് കയറി ഒട്ടിക്കാൻ കഴിയാത്ത സ്ഥലങ്ങളിലും സ്റ്റിക്കറുകൾ കണ്ടെത്തി. കന്പനി ഒട്ടിക്കുന്നതാകാമെന്ന സംശയം ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് ഹിൽപ്പാലസ് എസ്ഐ എസ്. സനൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. നേരത്തേ, കോട്ടയത്തെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ കറുത്ത സ്റ്റിക്കർ ആശങ്ക പടർത്തിയിരുന്നു.