കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ എരുമേലിയിൽ വീടിന് മുന്നിലെ ഗേറ്റിൽ കണ്ട വെളുത്ത സ്റ്റിക്കർ വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ വെളുപ്പിനു ഗേറ്റിന്റെ മുന്നിൽ വെളുത്ത നിറമുള്ള സ്റ്റിക്കർ കണ്ടത്. ഇടവന്തല സാജു ഏബ്രഹാമിന്റെ ഗേറ്റിനു മുന്നിലാണ് സ്റ്റിക്കർ കണ്ടത്.
സാജുവും ഭാര്യയും കുട്ടികളുമാണിവിടെ താമസിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് കിഴക്കമ്പലം, എടത്തല, കുന്നത്തുനാട് പഞ്ചായത്തുകളിലെ വീടുകളിലെ ജനലുകളിൽ കറുത്ത നിറത്തിലുള്ള സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടിരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. കുട്ടികളുള്ള വീടുകൾ കേന്ദ്രീകരിച്ചായിരുന്നു സ്റ്റിക്കർ കണ്ടിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. വെളുത്ത നിറത്തിലുള്ള പ്രത്യേക തരം സ്റ്റിക്കർ ഒട്ടിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറഞ്ഞു.
കുന്നത്തുനാട് പോലീസിനെ വിവരമറിയിച്ചതനുസരിച്ച് എസ്ഐ പി.എ. ഷെമീർ ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തെ കറുത്ത സ്റ്റിക്കർ പതിപ്പിച്ച സംഭവത്തിന് സമാനമാണിതെന്നും അന്നും ഈ വീടുകളിൽ മോഷണമോ മറ്റനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും എസ്ഐ. പി.എ. ഷെമീർ ഖാൻ പറഞ്ഞു.
ഇരുവശത്തും പശയുള്ള രണ്ടു സെന്റീമീറ്റർ നീളത്തിലുള്ളതാണ് സ്റ്റിക്കറെന്നും ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എസ്ഐ അറിയിച്ചു. കറി പൗഡറുകൾ വീടുകളിൽ വില്പന നടത്തുന്നവർ കച്ചവടം കൂടുതൽ ലഭിക്കുന്ന വീടുകൾ തിരിച്ചറിയാൻ ഇത്തരത്തിൽ സ്റ്റിക്കർ പതിപ്പിക്കാറുണ്ട്.