മാവേലിക്കര: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള അടയാളത്തിനായി പതിപ്പിക്കുന്നതെന്ന് സംശയിക്കുന്ന കറുത്ത സ്റ്റിക്കർ വീണ്ടും കണ്ടെത്തിയത് മാവേലിക്കരയിലെ ജനങ്ങളെ വീണ്ടും ഭീതിയിൽ ആഴ്ത്തുന്നു. മാവേലിക്കര അറുനൂറ്റിമംഗലത്താണ് വീടിന്റെ ചുവരുകളിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയത്. അറുനൂറ്റിമംഗലം വലിയപറന്പിൽ രതീഷ്, വലിയ പറന്പിൽ ജഗദമ്മ എന്നിവരുടെ വീടുകളുടെ ചുവരിൽ സ്റ്റിക്കർ കണ്ടെത്തി.
രതീഷിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സ്റ്റിക്കർ ശ്രദ്ധയിൽപെട്ടത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുള്ള ജഗദമ്മയുടെ വീടിന്റെ ചുവരിലും സ്റ്റിക്കർ കണ്ടെത്തുകയായിരുന്നു. ചെറിയ കുട്ടികൾ ഉള്ള വീടുകളിലാണ് സ്റ്റിക്കർ കണ്ടെത്തിയതെന്നതാണ് പ്രദേശവാസികൾക്ക് ആശങ്ക വർധിപ്പിക്കുന്നത്.
രതീഷിന്റെ വീടിന്റെ പ്രധാന വാതിലിനു സമീപവും ജഗദമ്മയുടെ വീടിന്റെ ചുവരിലുമാണ് ഒന്നര സെന്റീമീറ്റർ സമചതുരത്തിലുള്ള സ്റ്റിക്കർ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മാവേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ നാട്ടിൽ ഭീതിപരത്തുന്നതിനുള്ള സാമൂഹ്യവിരുദ്ധരുടെ ആസൂത്രിത ശ്രമമാണോ ഇതെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.
ജനങ്ങൾ ഇതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സിഐ പി.ശ്രീകുമാർ അറിയിച്ചു.