കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള രണ്ടു വീടുകളിൽ പ്രത്യേക രീതിയിലുള്ള കറുത്ത സ്റ്റിക്കർ പതിച്ചത് ആര് ? മോഷ്ടാക്കളോ അതോ തെറ്റിദ്ധരിപ്പിക്കാൻ മറ്റാരെങ്കിലും ചെയ്തതാണോ ? ഇതേക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്തായാലും ഒരാഴ്ചക്കുള്ളിൽ ഇതിന്റെ സത്യം പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. കോട്ടയം നാഗന്പടത്തും നട്ടാശേരിയിലെയും വീടുകളിലാണ് കറുത്ത സ്റ്റിക്കർ പതിച്ചിരിക്കുന്നത്.
മോഷണം നടത്തുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന വീടുകളിലാണു സ്റ്റിക്കർ പതിച്ചിരിക്കുന്നതെന്ന അഭ്യുഹം പരന്നിട്ടുണ്ട്. സ്റ്റിക്കർ പതിച്ച വീടുകൾക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. അതുപോലെ അടുത്ത നാളിൽ ഇവിടെ വന്നു പോയവർ, സംശയകരമായി നാട്ടുകാർക്ക് തോന്നിയ സംഭവങ്ങൾ ഇവയെല്ലാം ചികഞ്ഞെടുത്ത് സ്റ്റി്ക്കർ പതിച്ചത് മോഷണത്തിനു വേണ്ടിയോ എന്നു സ്ഥീരീകരിക്കാനുള്ള നീക്കത്തിലാണ് പോലീസ് എന്ന് ഡിവൈഎസ്പി സഖറിയ മാത്യു വ്യക്തമാക്കി. രഹസ്യാന്വേഷണവും പരസ്യാന്വേഷണവുമുണ്ടാവും.
ഇന്നലെ രാവിലെയും വൈകുന്നേരവുമായിരുന്നു സംഭവം. നട്ടാശേരി പുത്തേട്ട് എൽപി സ്കൂളിന് സമീപം സ്വാതിഭവൻ എറണാകുളം പോളിടെക്നിക്ക് അധ്യാപിക രാധികയുടെ വീട്ടിലെ ജനലിലാണ് സ്റ്റിക്കർ പതിച്ചത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. ക്രിസ്മസ് അവധിയായിരുന്നതിനാൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ഒരിഞ്ച് വലിപ്പമുള്ള സ്റ്റിക്കർ പതിച്ചത് എപ്പോഴാണെന്നതിനെക്കുറിച്ച് സൂചനയില്ല.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ വൈകുന്നേരം നാലിനു നാഗന്പടം ക്ഷേത്രത്തിനുസമീപം കാർത്തിക വീട്ടിലാണ് സ്റ്റിക്കർ പതിച്ചത്. മൂന്നാഴ്ചയായി അടഞ്ഞുകിടക്കുന്ന നാട്ടകം ഗവണ്മെന്റ് കോളജ് മുൻ പ്രിൻസിപ്പൽ രാജന്റെ വീടിന്റെ ജനലിലാണ് മൂന്ന് കറുത്ത സ്റ്റിക്കർ കണ്ടെത്തിയിരിക്കുന്നത്.
അടുക്കളഭാഗത്തെ ജനലിലാണ് കറുത്ത നിറത്തിലെ സ്റ്റിക്കർ പതിച്ചിരിക്കുന്നത്. സംഭവം കണ്ട അയൽവാസികൾ പോലീസിനെ വിവരമറിയിച്ചു. പോലീസിന്റെ നിർദേശത്തെത്തുടർന്ന് സ്റ്റിക്കർ പറിച്ചുകളഞ്ഞ് ജനൽ കഴുകിവൃത്തിയാക്കി. കഴിഞ്ഞ 20ന് നട്ടാശേരിയിലുള്ള രണ്ടു വീടുകളിൽ സമാനരീതിയിൽ കറുത്ത സ്റ്റിക്കർ പതിച്ചിരുന്നു.
നട്ടാശേരി പുത്തേട്ട് കരങ്ങേലിപ്പടി റോഡിന് സമീപം തെങ്ങുംപള്ളിൽ ഡോ. പ്രകാശിനി ടോം, മുരിക്കോലി ബാബു എന്നിവരുടെ വീടുകളിലാണ് ത്രികോണ ആകൃതയിൽ സ്റ്റിക്കർ പതിച്ചിരുന്നത്. ത്രികോണ ആകൃതിയിൽ സ്റ്റിക്കർ ഒട്ടിച്ച വീട്ടിൽ മൂന്നുവർഷം മുന്പ് മോഷണം നടന്നിരുന്നു. സംഭവദിവസം ചില നാടോടികൾ പ്രദേശത്ത് ചുറ്റികറങ്ങിയതായി നാട്ടുകാർ പറയുന്നു.