പാലാ: നാടിന്റെ പല ഭാഗങ്ങളിലും ആശങ്ക ഉണർത്തി കാണപ്പെട്ട കറുത്ത സ്റ്റിക്കറുകൾ പാലായിലും. കിഴപറയാർ, പൈക, പ്രവിത്താനം, പുലിയന്നൂർ, അന്തീനാട് മേഖലകളിലെ പത്തോളം വീടുകളിലാണു വീട്ടുകാരെ ഭീതിയിലാക്കി സ്റ്റിക്കർ പതിപ്പിക്കൽ നടന്നിട്ടുള്ളത്.
എല്ലായിടത്തും കറുത്ത സ്റ്റിക്കറാണു പതിച്ചിട്ടുള്ളത്. പല വീടുകളിലും വീടിന്റെ രണ്ടാം നിലയിൽ പാരപ്പറ്റിലും ജനലിലും വാതിലിലുമൊക്കെയായാണു സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ളത്. ഗ്ലാസ് പാളികൾ പായ്ക്ക് ചെയ്തുകൊണ്ടു വരുന്പോൾ പൊട്ടാതിരിക്കാൻ ഇതിനിടയിൽ വയ്ക്കാറുള്ള കറുത്ത സ്റ്റിക്കർ ആണ് എല്ലായിടത്തും കണ്ടെത്തിയിട്ടുള്ളത്.
ചതുരാകൃതിയിൽ തെർമോകോളോ റബറോ പോലുള്ള വസ്തുക്കളിൽ നിർമിച്ച സ്റ്റിക്കറാണിത്. പാലാ സിഐ രാജൻ കെ. അരമന, എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എല്ലാ വീടുകളും സന്ദർശിച്ചു പരിശോധന നടത്തി.
സ്റ്റിക്കർ പതിപ്പിച്ച വീടുകളിൽ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നും പല വീടുകളിലും രാത്രിയിൽ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നെന്നും പോലീസ് പറയുന്നു. നാട്ടുകാരെ ഭീതിയിലാഴ്ത്താൻ സ്റ്റിക്കർ പതിക്കുന്ന സാമൂഹ്യവിരുദ്ധർ രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.