കോട്ടയം: ജനങ്ങളെ പരിഭ്രാന്തിയാക്കിയ ജനൽച്ചില്ലുകളിലെ സ്റ്റിക്കർ പതിക്കലിന് താൽക്കാലിക വിരാമമായെങ്കിലും ആരാണ് ഇതു ചെയ്തതെന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്ല്യൂവെയില് പോലുള്ള കളിയാണെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. മോഷ്ടാക്കൾ വീടിന് അടയാളമിട്ട് രാത്രിയിൽ മോഷണം നടത്താനുള്ള പദ്ധതിയാണെന്ന തെറ്റിദ്ധാരണയാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ കറുത്ത സ്റ്റിക്കർ കണ്ടെത്താൻ കള്ളനു പോലും സാധിക്കില്ലെന്നു തിരിച്ചറിഞ്ഞതോടെ അത്തരം പ്രചാരണവും അവസാനിച്ചു.
എന്നാൽ ഇത് ആര് ചെയ്തു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. സിസിടിവി കാമറകൾ വിറ്റഴിക്കുന്നതിന് ചിലർ ബോധപൂർവം ചെയ്തതാണെന്ന പ്രചാരണവുമുണ്ട്. ഇക്കാര്യം ഒരു പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോൾ സിസിടിവി കാമറ വയ്ക്കുന്നതിന് പോലീസ് എന്നും അനുകൂലമാണെന്നായിരുന്നു മറുപടി. എന്തായാലും സ്റ്റിക്കർ പ്രശ്നം കെട്ടടങ്ങിയെങ്കിലും സ്റ്റിക്കർ പതിച്ചത് ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സ്വന്തം വീട്ടിൽ ആരെങ്കിലും സ്റ്റിക്കർ പതിക്കുകയില്ലല്ലോ. പിന്നെയാരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാവുന്നില്ല. പോലീസിന്റെ വീട്ടിൽ പോലും സ്റ്റിക്കർ പതിച്ചത് ആരെന്ന് കണ്ടെത്താൻ കഴിയാത്തത് അവർക്കു പോലും നാണക്കേടായിട്ടുണ്ട്.